‘പരാതിയുണ്ടെങ്കില്‍ കലക്ടറുടെ അടുത്തേക്ക് പോകൂ’ - തോമസ് ചാണ്ടിയോട് കോടതി

തോമസ് ചാണ്ടിയെ തള്ളിപ്പറഞ്ഞ് സ്റ്റേറ്റ് അറ്റോര്‍ണി

aparna| Last Modified ചൊവ്വ, 14 നവം‌ബര്‍ 2017 (12:34 IST)
കായൽ കയ്യേറ്റ വിവാദത്തില്‍ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു കോടതിയുടെ രൂക്ഷവിമർശനം. നിരവധി ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതിയുടെ പരാമർശങ്ങൾ സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ്. മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹർജി നൽകാൻ സാധിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു.

കോടതിയെ കൂട്ടുപിടിച്ച് അധികാരത്തില്‍ തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നും നീരീക്ഷണം ഉണ്ടായി. എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ബോധിപ്പിക്കേണ്ടതും പരാതി പറയേണ്ടതും കലക്ടറുടെ മുന്നിലാണെന്നും കോടതിയില്‍ അല്ലെന്നും കോടതി അറിയിച്ചു. അധികാരത്തില്‍ ഇരിക്കുന്ന ഒരു മന്ത്രി തന്നെ ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണിതെന്നാണ് കോടതി വ്യക്തമാക്കിയത്.

മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കഴിയില്ല, ഒരു വ്യക്തിയ്ക്കേ ഹര്‍ജി നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയുടെ ആദ്യവരിയില്‍ പരാതിക്കാരന്‍ മന്ത്രി എന്ന് പറയുന്നുണ്ട്. ഇതാണ് കോടതി ചോദ്യം ചെയ്തത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

അതിനിടെ, തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്ക്ക് എതിരല്ലെന്ന സര്‍ക്കാർ നിലപാട് സ്റ്റേറ്റ് അറ്റോര്‍ണി തിരുത്തി. വ്യക്തി എന്ന നിലയിലാണു തോമസ് ചാണ്ടിയുടെ ഹര്‍ജിയെന്ന് നേരത്തേ സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ വിവേക് തൻഖയാണു തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായത്.
ഹര്‍ജി പിന്‍‌വലിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു. ഉച്ചക്ക് 1.47നു ഹര്‍ജി വീണ്ടും പരിഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :