തോമസ് ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയില്‍ വാദിക്കാന്‍ കോണ്‍ഗ്രസ് എം‌പി വിവേക് തന്‍‌ഖ, നിര്‍ഭാഗ്യകരമെന്ന് സുധീരന്‍

Thomas Chandy, Sudheeran, Pinarayi, Chennithala, Lake Palace, തോമസ് ചാണ്ടി, സുധീരന്‍, പിണറായി, ചെന്നിത്തല, ലേക് പാലസ്
കൊച്ചി| BIJU| Last Modified തിങ്കള്‍, 13 നവം‌ബര്‍ 2017 (19:39 IST)
ആലപ്പുഴ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം പി കൂടിയായ അഭിഭാഷകന്‍ വിവേക് തന്‍‌ഖ. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപിയായ വിവേക് തന്‍ഖ ഇതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്.

തോമസ് ചാണ്ടിക്കുവേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസ് എം പി വരുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഒഴിവാക്കേണ്ടിയിരുന്നതാണെന്നും വി എം സുധീരന്‍ പ്രതികരിച്ചു.

ചൊവ്വാഴ്ചയാണ് തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ സമരം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് എം പി തന്നെ അദ്ദേഹത്തിനായി വാദിക്കാന്‍ കോടതിയിലെത്തുന്നത് എന്നതാണ് കൌതുകകരമായ വസ്തുത.

തനിക്ക് നീതി നിഷേധിക്കുകയാണെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം. ഇടതുമുന്നണിക്കുള്ളില്‍ ഒറ്റപ്പെട്ടിട്ടുപോലും തന്‍റെ വാദങ്ങളില്‍ ഉറച്ചുനിന്ന് മന്ത്രിസ്ഥാനത്ത് തുടരാനാണ് തോമസ് ചാണ്ടി ശ്രമിക്കുന്നത്.

തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. അതിനിടെയാണ് തോമസ് ചാണ്ടിയെ രക്ഷിക്കാനായി ഇപ്പോള്‍ കോണ്‍ഗ്രസ് എം പി തന്നെ രംഗപ്രവേശം ചെയ്തിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :