തോമസ് ചാണ്ടി നടത്തിയത് ഗുരുതര ചട്ടലംഘനം; കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്ത്

തോമസ് ചാണ്ടി നടത്തിയത് ഗുരുതര നിയമലംഘനമെന്ന് കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട്

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2017 (11:46 IST)
ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി പരിവര്‍ത്തനപ്പെടുത്തിയെന്ന കളക്ടര്‍ ടി.വി.അനുപമയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. 2003നുശേഷം റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന ഭൂമിയുടെ രൂപത്തില്‍ മാറ്റം വന്നു. നിലം നികത്തി, മറ്റൊരാളുടെ പേരിലാണെങ്കില്‍പ്പോലും കമ്പനിയുടെ നിയന്ത്രണത്തില്‍ അനുമതി വാങ്ങാതെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കലക്ടറുടെ റിപ്പോർട്ടിലുള്ളത്.

നെല്‍വയല്‍ തണ്ണീര്‍തട നിയമത്തെ അട്ടിമറിച്ചാണ് മന്ത്രി ഈ കയ്യേറ്റങ്ങളെല്ലാം നടത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. ലേക് പാലസ് വിഷയം സംബന്ധിച്ചാണ് കളക്ടറുടെ റിപ്പോര്‍ട്ട്. വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡിന്റെ നിര്‍മ്മാണം, ബണ്ടിന്റെ വീതി കൂട്ടല്‍ , പാര്‍ക്കിങ്ങ് എന്നിവയായിരുന്നു കളക്ടര്‍ അന്വേഷിച്ചത്. റവന്യു രേഖകളും ഉപഗ്രഹ ചിത്രങ്ങളും ആസ്പദമാക്കിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

അതേസമയം തോമസ് ചാണ്ടിയുടെ നേരെ ഉയര്‍ന്ന ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ സിപിഐഎം നേതൃത്വത്തിനെ നിലപാട് ഇന്നറിയാം. തിരുവനന്തപുരം എകെജി സെന്ററിൽ ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഈ വിവാദം ചർച്ച ചെയ്യും. വിജിലൻസ് കോടതി ത്വരിതാന്വേഷണം നിർദേശിച്ച സാഹചര്യത്തിൽ സിപിഐഎമ്മും നിലപാടു കടുപ്പിക്കാനാണു സാധ്യത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :