തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 27 മാര്‍ച്ച് 2016 (10:46 IST)
യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. ഇതോടെ 50 നാള്‍ നീണ്ട നോമ്പാചരണം സമാപിക്കും.
മരണത്തെ കീഴടക്കി യേശു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ആഹ്ലാദവുമായി ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ നടത്തും. ദിവ്യബലി, ഉയിര്‍പ്പിന്റെ ശുശ്രൂഷ, കുര്‍ബാന, ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍, നമസ്‌കാരം എന്നിവ വിവിധ പള്ളികളില്‍ നടക്കും.
തൃശൂർ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് ശുശ്രൂഷകൾ പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ മുഖ്യകാർമികത്വം വഹിച്ചു. ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണത്തിലും ഒട്ടേറെ വിശ്വാസികൾ അണിനിരന്നു.
കൊച്ചി സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ പ്രാർഥനയ്ക്ക് ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കാർമികനായി. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ രാവേറെ വൈകിയും
വിശ്വാസികള്‍ പ്രാര്‍ത്ഥനയിലായിരുന്നു. കുര്‍ബാനയ്ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം നേതൃത്വം നല്‍കി.
കോഴിക്കോടും വിവിധ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടന്നു. യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമായി വിശ്വാസികള്‍ മെഴുകുതിരികള്‍ കത്തിച്ചു. കോഴിക്കോട് ദേവമാതാ പള്ളിയില്‍ നടന്ന പാതിരാക്കുര്‍ബാനക്ക് അതിരൂപത ബിഷപ്പ് ഡോ വര്‍ഗ്ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി.