തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 20 ജൂണ്‍ 2014 (11:40 IST)
ഐഎഎസ് പോരില്‍ സംസ്ഥാനത്ത്
ഭരണസ്തംഭനമാണെന്ന്
ആരോപിച്ച് പ്രതിപക്ഷം ഇന്നും സഭവിട്ടു. ഈ വിഷയത്തില്‍
സഭ നിര്‍ത്തിവെച്ച് മതിയായ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭവിട്ടത്.
മാത്യൂ ടി തോമസ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിബി അംഗവും എംഎല്‍എയുമായ എംഎ ബേബി ഇന്ന് സഭയില്‍ എത്തുകയും ഹാജര്‍ ബുക്കില്‍ ഒപ്പ് വെക്കുകയും ചെയ്തു.
എന്നാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനം ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നിലവിലെ ഐഎഎസുകാരുടെ പോര് ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഐഎഎസുകാര്‍ തമ്മില്‍ ചെറിയ അഭിപ്രായ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും
ചീഫ് സെക്രട്ടറിക്കെതിരായി മാധ്യമങ്ങളില്‍വന്ന പരാതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്‍ മുഖ്യമന്ത്രിയുടെ തേരാളിയാണ് ചീഫ് സെക്രട്ടറിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. നിര്‍മാണകമ്പനിക്ക് തിരുവനന്തപുരത്തെ പാറ്റൂരില്‍ കെട്ടിടം പണിയുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ ഭൂമി നേടിക്കൊടുക്കുന്നതിന് ചീഫ് സെക്രട്ടറി ഒത്താശചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി.