കൊച്ചി|
jibin|
Last Modified വെള്ളി, 13 ജനുവരി 2017 (21:09 IST)
നടന്‍ ദിലീപിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിന്’ പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വടിയെടുത്തതോടെ സംസ്ഥാനത്തെ സിനിമ സമരം പാളുന്നു. ദിലീപിന്റെ സാന്നിധ്യത്തില്‍ തിയേറ്ററുടമകളുടെ പുതിയ സംഘടന വരുമെന്ന് വ്യക്തമായതിന് പിന്നാലെ സിനിമാ സമരം രൂക്ഷമാക്കിയത് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്‌തതോടെയാണ് സാഹചര്യം മാറിമറിഞ്ഞത്.
ദിലീപ് പുതിയ സംഘടന രൂപീകരിക്കുമെന്ന് വ്യക്തമാക്കിയതോടെയാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളരുമെന്നുറപ്പായത്. ശനിയാഴ്‌ച നടക്കുന്ന യോഗത്തില്‍ ആന്റണി പെരുമ്പാവൂര്‍ (ആശിര്‍വാദ് സിനിമാസ്), സുരേഷ് ഷേണായി (ഷേണോയ് സിനിമാക്സ്) എന്നിവര്‍ ദിലീപിനൊപ്പം നില്‍ക്കും. ഇവര്‍ക്കൊപ്പം കൂടുതല്‍ പേര്‍ എത്തുമെന്നുറപ്പായതോടെയാണ്
ലിബര്‍ട്ടി ബഷീറിന്റെ സംഘടന പിളരുമെന്ന കാര്യത്തില്‍ സംശയമില്ലാതായത്.
ചൊവ്വാഴ്ച എറണാകുളത്ത് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ സിനിമാ സമരം പിന്‍വലിക്കാന്‍ ഫെഡറേഷന്‍ തീരുമാനമെടുക്കും. 18 മുതല്‍ അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുകയും ചെയ്യുന്നതോടെ ഒരു മാസത്തോളമായി തുടരുന്ന ചലച്ചിത്ര മേഖലയിലെ അനിശ്ചിതത്വത്തിന് അറുതിയാകും.
വിതരണക്കാരും നിര്‍മ്മാതാക്കളും തിയേറ്ററുടമകളുടെ ആവശ്യത്തിന് വഴങ്ങാത്തതും ഫെഡറേഷന് പുറത്തുള്ള തിയേറ്ററുകളെ ഉപയോഗിച്ച് ഭൈരവാ റിലീസ് ചെയ്തതുമാണ് ലിബര്‍ട്ടി ബഷീറിനും നേതൃത്വത്തിനും തിരിച്ചടിയായത്. ഇനിയും സിനിമ നീട്ടി കൊണ്ടു പോയാല്‍ തിരിച്ചടി രൂക്ഷമായിരിക്കുമെന്ന തോന്നലാണ് ഫെഡറേഷനൊപ്പമുള്ള 35 ഓളം തിയെറ്ററുകള്‍ വ്യാഴാഴ്ച ഭൈരവാ റിലീസ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. പിന്നാലെ ദിലീപിന്റെ ഇടപെടലുമുണ്ടായതോടെ ഫെഡറേഷന്‍ പിളരുകയായിരുന്നു.
ബി ക്ലാസുകളിലെ സൗകര്യമുള്ള എല്ലാ തിയേറ്ററുകളും റിലീസ് സെന്ററായി ഉയര്‍ത്തുമെന്ന വിതരണക്കാരുടെ മുന്നറിയിപ്പും ഈ തിയേറ്ററുകളിലൂടെ ഭൈരവ റിലീസ് ചെയ്തതുമാണ് ഫെഡറേഷനെ പിളര്‍പ്പിലെത്തിച്ചത്. മറുഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് നിര്‍മ്മാതാക്കളെയും വിതരണക്കാരെയും സമ്മര്‍ദ്ദത്തിലാക്കാം എന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം പൊളിഞ്ഞതും പിളര്‍പ്പിന് കാരണമായി.