സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 18 ഒക്‌ടോബര്‍ 2025 (11:29 IST)
അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്നും സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഭഗവാന്റെ ഒരുതരി പൊന്നും മോഷ്ടിച്ചുകൊണ്ട് പോയിട്ടുണ്ടെങ്കില്‍ തിരികെ കൊണ്ട് വരിക തന്നെ ചെയ്യുമെന്നും നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭംഗിയായി മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം മുന്നോട്ടുപോകുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഇന്നലെയും ഇന്നും ശബരിമലയില്‍ വലിയ തീര്‍ത്ഥാടന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് അമ്പതിനായിരം തീര്‍ത്ഥാടകര്‍ വെര്‍ച്ചല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊടകര വാസുപുരം സ്വദേശി എറന്നൂര്‍ മനയില്‍ ഇഡി പ്രസാദ് നമ്പൂതിരിയാണ് ശബരിമല ശാന്തിയായി വരും വര്‍ഷത്തേക്ക് തിരഞ്ഞെടക്കപ്പെട്ടത്. കൊല്ലം മയ്യനാട് ആയിരംതെങ്ങ് സ്വദേശി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. രാവിലെ എട്ടേകാലോടുകൂടിയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. കല്ലട കൊട്ടാരത്തിലെ മൈഥിലി വര്‍മ്മയാണ് മാളികപ്പുറത്തെ നറുക്കെടുപ്പ് നടത്തിയത്.