പണിയെടുക്കാത്ത താപ്പാനകളെ ചാട്ടവാറിനടിക്കണമെന്ന് ടോമിൻ തച്ചങ്കരി

Sumeesh| Last Modified ശനി, 9 ജൂണ്‍ 2018 (16:48 IST)
പണിയെടുക്കാൻ തയ്യാറാവാത്ത ചില താപ്പാനകള്‍ കെ എസ് ആര്‍ ടി സിയില്‍ ഉണ്ടെന്നും ഇത്തരക്കാരെ ചാട്ടവാറിനടിക്കാതെ കെ എസ് ആർ ടി സി രക്ഷപ്പെടില്ലെന്നും എം ഡി ടോമിന്‍ തച്ചങ്കരി. പാലയില്‍ നടന്ന ഗ്യാരേജ് മീറ്റിങ്ങില്‍ സംസാരിക്കവെയാണ് തച്ചങ്കരി ഇക്കാര്യം പറഞ്ഞത്.

പണിയെടുക്കാൻ തയ്യാറാവാത്തവരെ നമ്മൾ ഒറ്റപ്പെടുത്തണം. പണം തട്ടുന്നതടക്കമുള്ള തട്ടിപ്പുകാര്‍ക്കെതിരെ കർശനമായ നടപടി തന്നെ സ്വീകരിക്കും. ഒരു അന്വേഷണം പോലും ഇല്ലാതെ ഇവരെ പുറത്താക്കുമെന്നും തച്ചങ്കരി പറഞ്ഞു.

തട്ടിപ്പുകാരെ സംരക്ഷിക്കാൻ എന്ന മട്ടില്‍ എത്തുന്ന ചിലര്‍
എന്നെ ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കും പിഴിയാവുന്ന വെള്ളാനയാണ് കെ എസ് ആര്‍ ടി സി എന്നാണു ചിലരുടെ ധാരണ. ഇത്തരക്കാരെ ഇനി അടുപ്പിക്കില്ല. പിരിച്ചു വിട്ടവര്‍ ആരുടേയും വക്കാലത്തുമായി വന്നിട്ടും കാര്യമില്ലെന്നും. ജോലി എടുക്കുന്നവരും എടുക്കാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് കെ എസ് ആര്‍ ടി സിയിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആര്‍ ടി സിയുടെ മുന്നിലുള്ളത് യാത്രക്കാരന്റെയും സ്ഥാപനത്തിന്റെയും നന്മയാണ്. ഇതില്‍ രാഷ്ട്രിയക്കാര്‍ക്കും യൂണിയനുകള്‍ക്കുമൊന്നും വലിയ കാര്യമില്ലെന്നും ടോമിൻ തച്ചങ്കരി ചൂണ്ടിക്കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :