രേണുക വേണു|
Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (09:50 IST)
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. തന്റെ പെരുമാറ്റത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ നിരുപാധികം ക്ഷമാപണം നടത്തുന്നതായി സുരേഷ് ഗോപി പറഞ്ഞു. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത്. തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ല. മകളെ പോലെയാണ് മാധ്യമപ്രവര്‍ത്തകയെ കണ്ടത്. അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കില്‍ ഒരു അച്ഛന്റെ സ്ഥാനത്തു നിന്ന് മാപ്പ് ചോദിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു. മാപ്പ് പറയാനായി മാധ്യമപ്രവര്‍ത്തകയെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതേസമയം സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനില്‍ പരാതി നല്‍കുമെന്നും മറ്റു നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു. തെറ്റ് അംഗീകരിച്ചു സുരേഷ് ഗോപി മാപ്പ് പറയണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
ഇന്നലെ കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിവാദ സംഭവം. മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തക ഷിദ ജഗദിന്റെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. പല തവണ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുന്നുണ്ടെങ്കിലും സുരേഷ് ഗോപി ഇത് ആവര്‍ത്തിച്ചു.