കൊച്ചി|
aparna shaji|
Last Modified വെള്ളി, 8 ഏപ്രില്‍ 2016 (11:43 IST)
ബാർകോഴ കേസിൽ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തിൽ വിജിലൻസ് എസ് പി ആർ സുകേശനെതിരെ കൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ സംതൃപ്തി ഇല്ലാതെ ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് സുകേശനെതിരെ എന്ത് തെളിവാണ് സർക്കാരിന്റെ പക്കലുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.
കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാതെ സി ഡി ഹാജരാക്കിയത് കേസ് മൂടിവെക്കാനാണോ എന്നും സുകേശനെ പ്രതിയായി ചിത്രീകരിക്കാനാണോ എന്നും കോടതി ചോദിച്ചു. കേസ് അന്വേഷിച്ച സുകേശനെതിരെ അന്വേഷണമുണ്ടാകാൻ കാരണമെന്താണെന്നും അദ്ദേഹത്തിനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കണമെന്ന കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് സി ഡി ഹാജരാക്കിയത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജ്ജിതമാക്കിയെന്നും ബിജു രമേശനുമായി
സുകേശൻ നടത്തിയ ഫോൺ വിളിയുടെ വിശദവിവരമടങ്ങിയ സി ഡി അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ലഭിച്ചതാണെന്നും ഉദ്യോഗസ്ഥർ കോടതിയിൽ വ്യക്തമാക്കി. ബാറുടമ ബിജുരമേശും സുകേശനും സർക്കാരിനെതുരെ ഗൂഡാലോചന നടത്തിയെന്നാരോപിച്ചായിരുന്നു കേസ്.