കൊച്ചി|
സജിത്ത്|
Last Modified ഞായര്‍, 19 നവംബര്‍ 2017 (14:29 IST)
ഒരു ഗ്ലാസ് കട്ടന്‍ ചായക്ക് 100 രൂപ !. കേട്ടാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമുള്ള കാര്യമാണ് ഇത്. എന്നാല്‍ സംഭവം തള്ളല്ല. കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്റോൺ മാളിലെ ഫുഡ് കോർട്ടിലെ കട്ടന്‍ ചായയുടെ വിലയാണിത്. സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിനാണ് കട്ടന്‍ ചായയ്ക്ക് 100 രൂപയുടെ ബില്ല് കിട്ടിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
കൊച്ചിയിലെ ഒബ്റോൺ മാൾ പി വി ആറിലെ ഫുഡ് കൗണ്ടറിലാണ് ഒരു കട്ടൻചായ ഓർഡർ ചെയ്ത സുജിത് വാസുദേവിന് 100 രൂപയുടെ ബിൽ നല്‍കിയത്. 14666 ആയിരുന്നു ബിൽ നമ്പർ. ഫിൽട്ടർ കോഫി എന്നാണ് ബിൽ ചെയ്തിരിക്കുന്നത്. ബില്ലിൽ മലയാളത്തിൽ കട്ടൻചായ എന്നും എഴുതിയിട്ടുണ്ട്. 95 രൂപ 24 പൈസയാണ് ഫിൽട്ടർ കട്ടൻചായയയുടെ ബിൽ. അഞ്ച് ശതമാനം ജി എസ് ടിയാവട്ടെ 4.76 രൂപ. ആകെ നൂറ് രൂപയുടെ ബില്ലാണ് സുജിത് വാസുദേവിന് കിട്ടിയത്.
തുടര്‍ന്നാണ് ഇത്തരത്തില്‍ നമ്മളെ പറ്റിക്കാൻ ഇവരെ അനുവദിക്കരുത് എന്ന് പറഞ്ഞുകൊണ്ട് സുജിത് വാസുദേവ് ബിൽ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. മൾട്ടിപ്ലക്സുകളിലെ ഫുഡ് കോർട്ടിലെ കൊള്ള പലർക്കും അനുഭവമുള്ളതിനാല്‍ സംഭവം പെട്ടെന്ന് തന്നെ വൈറലായി. നൂറിലധികം പേരാണ് സുജിത് വാസുദേവിന്റെ പോസ്റ്റ് ഷെയർ ചെയ്ത് തങ്ങൾക്കുണ്ടായ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുന്നത്.