aparna shaji|
Last Modified ശനി, 29 ഏപ്രില്‍ 2017 (17:35 IST)
മൂന്നാറിലെ കൈയ്യേറ്റ ഭൂമികൾ ഒഴിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഫെയ്മസായത്. മുഖം നോക്കാതെ നടപടിയെടുത്ത സബ് കളക്ടർക്ക് കേരളം ഒന്നിച്ച് കൈയ്യടിച്ചു. പേടിച്ച് ജോലിമാറാനോ ഓടാനോ തന്നെ കിട്ടില്ലെന്നും അതിനു നിന്നാൽ ജീവിതാവസാനം വരെ ഓടേണ്ടിവരുമെന്നും ശ്രീറാം വെങ്കിട്ടരാമന് പറയുന്നു.
വിവാദങ്ങൾക്കൊന്നും താനില്ലെന്നാണ് ശ്രീരാമിന്റെ അഭിപ്രായം. അതിനോട് താൽപ്പര്യവുമില്ല. നിയമം പ്രായോഗികമായ രീതിയില്‍ നടപ്പാക്കുകയാണ് ഒരു ഉദ്യോഗസ്ഥന്റെ പ്രധാന കര്‍ത്തവ്യമെന്നും ശ്രീറാം പറയുന്നു. പ്രമുഖ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശ്രീറാം തന്റെ മനസ്സുതുറന്നത്.
ചെയ്യുന്ന നല്ല പ്രവര്‍ത്തികളിലൂടെ സമൂഹത്തില്‍ അറിയപ്പെടുന്നത് സന്തോഷമുള്ള കാര്യമാണ്. ചുറ്റുമുള്ള ആളുകള്‍ അതിനെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ പ്രചോദനമാണെന്നും ശ്രീറാം പറഞ്ഞു. എടുത്ത തീരുമാനങ്ങള്‍ തെറ്റായി എന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും സബ് കളക്ടർ പറയുന്നു.
ഒരു കാലത്ത് നന്മയ്ക്ക് വേണ്ടി നില്‍ക്കണം എന്നതിന് ഏറ്റവും വലിയ പ്രചോദനമായിരുന്നു 'ദ കിംഗ്' ലെ മമ്മുട്ടിയുടെ ജോസഫ് അലക്സ് എന്ന കഥാപാത്രം, ഒരു തലമുറയ്ക്ക് തന്നെ മാതൃകയാണ് അത്തരം സിനിമകളെന്നും ശ്രീറാം പറയുന്നു. ഒരു കട്ട മമ്മൂക്ക ഫാൻ കൂടിയാണ് ശ്രീറാം.