തിരുവനന്തപുരം|
സജിത്ത്|
Last Modified ബുധന്‍, 24 ജനുവരി 2018 (11:06 IST)
പൊലീസ് കസ്റ്റഡിയിൽവെച്ച് മരണപ്പെട്ട ശ്രീജീവിന്റെ കേസ് സിബിഐ ഏറ്റെടുത്തു. ആരെയും പ്രതിചേർക്കാതെ അസ്വാഭാവിക മരണത്തിനാണു ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എഫ്ഐആർ ഇന്നു കോടതിയിൽ സമർപ്പിക്കുന്നതോടെ അന്വേഷണ നടപടികൾ ആരംഭിക്കും.
മരണത്തില്‍ സിബിഐ കേസെടുത്തതോടെ, തങ്ങള്‍ നടത്തിവന്ന പ്രക്ഷോഭം വിജയമാണെന്നു വിലയിരുത്തി ശ്രീജിത്തിനൊപ്പമുള്ള സമരം അവസാനിപ്പിച്ചതായി സമൂഹമാധ്യമ കൂട്ടായ്മ അറിയിച്ചു. അതേസമയം, കുറ്റക്കാർക്കെതിരെ നടപടിയെടിയെടുക്കുന്നതുവരെയും സമരം തുടരുമെന്ന നിലപാടിലാണ് ശ്രീജിത്ത്.
ഈ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന കാര്യം ഹൈക്കോടതിയിൽ അറിയിച്ചതിനു തൊട്ടുപിന്നാലെയാണു സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ശ്രീജിവിന്റെ മരണത്തിൽ പാറശാല പൊലീസ് 2014ൽ റജിസ്റ്റർ ചെയ്തിരുന്ന കേസ് അതേപടിയാണ് എറ്റെടുക്കുന്നതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശ്രീജിവ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാമ്മ് എഫ്ഐആറിലുള്ളത്. തിരുവനന്തപുരം യൂണിറ്റിലെ എസ്പി കെഎം.വർക്കിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.