വരാപ്പുഴ|
jibin|
Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (18:01 IST)
വാരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിത്ത് നിരപരാധിയെന്ന് ആത്മഹത്യ ചെയ്ത വാസുദേവനന്റെ മകന്‍ വിനീഷ്‍.
തന്റെ വീട്ടിൽ കയറി ബഹളം വച്ചത് മറ്റൊരു ശ്രീജിത്താണ്. മരിച്ച ശ്രീജിത്തിന് വീട് ആക്രമിച്ച കേസിൽ പങ്കുണ്ടോയെന്ന കാര്യം തനിക്കറിയില്ല. പൊലീസിന് ആളുമാറിയതാണ്. മറ്റൊരു ശ്രീജിത്തിനെക്കുറിച്ചാണ് പൊലീസിനോട് പറഞ്ഞിരുന്നതെന്നും വിനീഷ് പറഞ്ഞു.
മരിച്ച ശ്രീജിത്തിനെ വർഷങ്ങളായി തനിക്കറിയാം. ഞങ്ങള്‍ ഒരുമിച്ച് ജോലിക്കുപോകാറുണ്ട്. അന്നുരാവിലെ താൻ ശ്രീജിത്തിന്റെ വീട്ടിൽ പോയിരുന്നു. വീട്ടിൽ കയറി ബഹളം വച്ചതു ശ്രീജിത്തോ സഹോദരൻ സജിത്തോ അല്ലെന്നും വിനീഷ് വ്യക്തമാക്കി.
പതിനാലുപേരുടെ സംഘമാണു വീട്ടിലെത്തി ബഹളം വച്ചത്. ഇതിൽ ആറുപേരെ കണ്ടാൽ അറിയാം. ഇവരുടെ പേരാണു പൊലീസിൽ പറഞ്ഞത്. അല്ലാതെ മരിച്ച ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേരു പറഞ്ഞിട്ടില്ലെന്നും വിനീഷ് കൂട്ടിച്ചേർത്തു.
അതേസമയം, വീട് ആ ക്രമിച്ച യാഥാര്‍ഥ പ്രതി ശ്രീജിത്ത് ഒളിവിലാണ്.
കസ്റ്റഡിയിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീജിത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുകുടൽ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണു മരണ കാരണമെന്നു ഡോക്ടർമാർ പറഞ്ഞു.