Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (13:53 IST)
തിരുവനന്തപുരം പാറശ്ശാല സ്വദേശി ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സിബിഐ റിപ്പോർട്ട്. ശ്രീജിവിന്റെത് ആത്മഹത്യയാണെന്ന് സിബിഐ കോടതിക്ക് സമര്‍പ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
‘ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല. അത്മഹത്യയാണ്. ശ്രീജിവിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ അയാള്‍ വിഷം കയ്യില്‍ കരുതിയിരുന്നു. പക്ഷെ പോലീസ് ദേഹപരിശോധന നടത്താതെ സെല്ലിലിടുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ച നിലയില്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എത്തിച്ചത് വിഷം ഉള്ളില്‍ ചെന്ന നിലയിലാണെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. സാക്ഷി മൊഴികളുമുണ്ട്. ശ്രീജിവ് മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ആറ്റിങ്ങലില്‍ ലോഡ്ജില്‍ താമസിച്ചിരുന്നു. അവിടെ വെച്ച് ആത്മഹത്യാകുറിപ്പും ലഭിച്ചിരുന്നു’- സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 മെയ് 21-നായിരുന്നു കേസിനാസ്പദമായ സംഭവം. പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിവ് മരിക്കുന്നത്. കൊലപാതകമായിരുന്നുവെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. അനുജന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് ചേട്ടൻ ശ്രീജിത്ത് നിരാഹാരമിരിക്കുകയും വാർത്തയാവുകയും ചെയ്തതോടെയാണ് കേസ് സിബിഐക്ക് കൈമാറുന്നത്.