കൊച്ചി|
Last Modified വെള്ളി, 25 ജൂലൈ 2014 (09:01 IST)
സോളാര്‍ കേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പ്രതി സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. കമ്മീഷന്‍ രൂപവത്കരണത്തിന്റെ തുടര്‍ച്ചയായി ഒരു നോട്ടീസ് കിട്ടിയെന്നതിന്റെ പേരില്‍ വ്യക്തിക്ക് ഇത്തരം തീരുമാനങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ജഡ്ജി കെ മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
വിഷയത്തിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതിനാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുള്‍പ്പെട്ട ഒരു കുറ്റകൃത്യം ഉണ്ടായോയെന്ന് കമ്മീഷന്‍ അന്വേഷിച്ചിരിക്കാം. കേസിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണ നടപടിയും ആവശ്യമായി വരും. എന്നതിനാല്‍ അത് ഹര്‍ജിക്കാരിക്ക് എതിരാണെന്ന് പറയാന്‍ കഴിയില്ല. കമ്മീഷന്റെ നോട്ടീസില്‍ എന്തെങ്കിലും അപാകമുണ്ടെന്ന് തോന്നിയാല്‍ പ്രതിക്ക് കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
കമ്മീഷനെ നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി നിലനില്‍ക്കില്ല. ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ വിഷയം പരിശോധിച്ചാല്‍ അത് ഏതെങ്കിലും വ്യക്തിക്കെതിരല്ലെന്നത് വ്യക്തമാണെന്നും അതിനാല്‍ ഹര്‍ജി അംഗീകരിക്കാനാവില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.