കൊച്ചി|
BIJU|
Last Updated:
ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (19:50 IST)
സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കുകയേ തരമുള്ളൂ എന്ന് സരിത എസ് നായര്‍. ശാസ്ത്രീയമായ തെളിവുകള്‍ കമ്മിഷന്‍ ശേഖരിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിത പറഞ്ഞു.
സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ജസ്റ്റിസ് ജി ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിനോട് പ്രതികരിക്കുകയായിരുന്നു സോളാര്‍ വിവാദനായിക സരിത. അന്വേഷണ കമ്മിഷന്‍റെ നടപടികളോട് താന്‍ പൂര്‍ണമായും സഹകരിച്ചിരുന്നു എന്ന് സരിത പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകള്‍ ഇനിയും തുടരുമെന്നും അവ അവസാനിച്ചിട്ടില്ലെന്നും സരിത വ്യക്തമാക്കി.
അതേസമയം, സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ താന്‍ ആശങ്കപ്പെടുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പിനെ ഈ അന്വേഷണ റിപ്പോര്‍ട്ട് ഒരു തരത്തിലും ബാധിക്കില്ല. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയത്. നാലു വര്‍ഷത്തെ അന്വേഷണമാണ് പൂര്‍ത്തിയായത്. ഈ മാസം 27ന് കമ്മീഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലാവധി നീട്ടിക്കിട്ടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
2013 ഓഗസ്റ്റ് 16നാണ് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി 14 മണിക്കൂര്‍ അന്വേഷണ കമ്മീഷനു മുന്‍പാകെ ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയിരുന്നു.