സോളാര്‍ ബോട്ടില്‍ വേളിയില്‍ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2021 (16:58 IST)
സിയാല്‍ കൊച്ചിയില്‍ നിര്‍മിച്ച വേമ്പനാട് എന്ന സോളാര്‍ ബോട്ടില്‍ വേളിയില്‍ നിന്ന് പൗണ്ട്കടവ് വരെ യാത്ര ചെയത് മുഖ്യമന്ത്രി പിണറായി വിജയന്‍ പശ്ചിമതീര ജലപാത ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോവളം മുതല്‍ കാസര്‍കോട് നീലേശ്വരം വരെയുള്ള 590 കിലോമീറ്റര്‍ പാതയുടെ ഭാഗമാണിത്. ഇതില്‍ കൊല്ലം മുതല്‍ കോഴിക്കോട് ജില്ലയിലെ കല്ലായി വരെ 328 കിലോമീറ്റര്‍ ദേശീയ ജലപാത എന്‍. എച്ച് 3 ആണ്.

ജലപാതയിലൂടെ സര്‍വീസ് നടത്തുന്നതിനെത്തിച്ച സോളാര്‍ ബോട്ടില്‍ 24 പേര്‍ക്ക് യാത്ര ചെയ്യാം. ഇതില്‍ 12 സീറ്റുകള്‍ എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. 15 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമാണ് ബോട്ടിനുള്ളത്. പത്തു നോട്ടിക്കല്‍ മൈല്‍ വേഗതയാണുള്ളത്. വേളി മുതല്‍ കഠിനംകുളം വരെ കായലിലെ പോളയും ചെളിയും നീക്കി വീതി കൂട്ടിയിട്ടുണ്ട്. കോവളം മുതല്‍ വേളി വരെയുള്ള ജലപാതയുടെ നവീകരണം പുരോഗമിക്കുകയാണ്. കരിക്കകത്ത് നിലവിലെ നടപ്പാലത്തിനു പകരം ബോട്ടുകള്‍ വരുമ്പോള്‍ തുറക്കുന്നതും അല്ലാത്തപ്പോള്‍ അടയ്ക്കാനാവുന്നതുമായ പാലമാണ് നിര്‍മിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :