ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സോളാര്‍ കമ്മീഷന് മുന്നില്‍ മുന്‍ ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്

കൊച്ചി| Sajith| Last Modified വെള്ളി, 15 ജനുവരി 2016 (15:57 IST)
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായരെ കാണാന്‍ ജയിലില്‍ തോക്കടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം ആളുകള്‍ എത്തിയിരുന്നുവെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിട്ടാണ് ജയിലില്‍ വന്നതെന്ന് സംഘം തന്നെ അറിയിച്ചതായും ഡിജിപി
കമ്മീഷന് മൊഴി നല്‍കി.

തോക്ക് കണ്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും ഈ സംഘം രക്ഷപ്പെടുകയായിരുന്നു. അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ദിവസം തന്നെ സരിതയെ കാണുന്നതിനായി രാഷ്‌ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് തനിക്ക് ലഭിച്ചതെന്നും സോളാര്‍ കമ്മീഷന്റെ സാക്ഷിവിസ്താരത്തിനിടെ അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

സരിതയെ ജയിലിലെത്തിച്ചപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നുപോലും ജയിലിലേക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. ജയിലില്‍ വെച്ച് ചില സുപ്രധാന രേഖകള്‍ സരിതയില്‍ പിടിച്ചെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് അന്നത്തെ എ ഡി ജി പി ആയിരുന്ന ടി പി സെന്‍കുമാറിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സരിതയെ പത്തനംതിട്ട ജയിലില്‍ നിന്നും അട്ടക്കുളങ്ങരയിലേക്ക് മാറ്റിയത് എന്നും ജേക്കബ് മൊഴി നല്‍കി.

സരിതയുടെ കൈയ്യില്‍
നാല്‍പ്പത്തിരണ്ടു പുറങ്ങളില്‍ ആയി എഴുതിയ കത്ത് ഉണ്ടായിരുന്നു. ആത്മകഥയാണെന്നായിരുന്നു സരിത ഇതിനെ കുറിച്ച് പറഞ്ഞത്. ഫെനി ബാലകൃഷ്ണനാണ് ജയിലില്‍ വെച്ച്
സരിതയുടെ ഈ കുറിപ്പുകള്‍ കൈപ്പറ്റിയിരുന്നത്. അദ്ദേഹം ഈ കത്ത് കോടതിയില്‍ ഹാജരാക്കാത്തത്


അത്ഭുതാവഹമായ കാര്യമാണ് എന്നും ജേക്കബ് മൊഴിയില്‍ പറയുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :