അപർണ|
Last Modified ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (11:17 IST)
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പികെ ശശിയുമാണ് ഇരകളെന്നാണ് പൂഞ്ഞാർ എം എൽ എ പിസി ജോർജിന്റെ വാദം. വിചിത്രമെന്ന് കേൾക്കുന്നവർക്ക് തോന്നാം. എന്നാൽ, പിസിയെ സംബന്ധിച്ച് പരാതികൾ നൽകുന്നവരാണ് കുറ്റക്കാർ.
പരസ്യമായി തെറി പറഞ്ഞാലും സ്ത്രീ വിരുദ്ധതയും അശ്ലീലവും വിളമ്പിയാലും അത് പിസി ജോർജല്ലേ എന്നൊരു സാധാരണത്വം സമൂഹത്തിന് വന്നിട്ടുണ്ട്. ബിഷപ്പിനെതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയെ വേശ്യയെന്ന് വരെ അധിക്ഷേപിച്ച പിസി ജോർജിന് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നു. എഴുത്തുകാരിയായ സുജ സൂസൻ ജോർജ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം:
ആരാണ് ഈ ജനപ്രതിനിധി?
പിസി ജോര്‍ജ് ഓരോ പ്രാവിശ്യവും വാ തുറക്കുമ്പോള്‍ കേരളം അതിന്‍റെ ജനാധിപത്യവളര്‍ച്ചയെ കുറിച്ച് പരിതപിക്കും.'നിയമനിര്‍മ്മാണ'സഭയിലേക്കാണ് വീണ്ടും വീണ്ടും കേരളം അദ്ദേഹത്തെ ജയിപ്പിച്ച് വിടുന്നത്. നിയമനിര്‍മ്മാണമെന്നു വെച്ചാല്‍ കൂടുതല്‍ ജനാധിപത്യവും കൂടുതല്‍ സാമൂഹ്യനീതിയും സമൂഹത്തിന് കരഗതമാകുന്നതിനുള്ള നിയമങ്ങളുടെ നിര്‍മ്മാണമാണ്. ഇന്‍ഡ്യയിലെ ഇതരസംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലും ലിംഗനീതിയില്ല. ദളിത് - ആദിവാസി വിഭാഗം പലതരം ചൂഷണങ്ങള്‍ നേരിടുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അന്യതാബോധം അനുഭവപ്പെടുന്നു. എങ്കിലും കേരളം താരതമ്യേന വ്യത്യസ്തമായത് പരിഷ്കൃതസമൂഹത്തിന് ചേരുന്ന തരത്തിലുള്ള നിയമങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടും അത് നടപ്പാക്കിക്കൊണ്ടുമാണ്. അവിടെയാണ് ( ജനാധിപത്യത്തിന്‍റെ ശ്രീകോവില്‍ എന്നൊക്കെയാണ് ക്ളീഷെ) ഇത്രമാത്രം സ്ത്രീ വിരുദ്ധതയും ദളിത് വിരോധവും പൊതുസ്ഥലങ്ങളില്‍ നിരന്തരം പ്രകടിപ്പിക്കുന്ന പിസിജോര്‍ജ് തുടര്‍ച്ചയായി അംഗമായിരിക്കുന്നത്.
അബദ്ധങ്ങള്‍ പറയുന്നവരുണ്ടാകും.അവര്‍ തിരുത്തും. പക്ഷേ പിസി ജോര്‍ജ് അങ്ങനെയല്ല ഒാരോ തവണയും കേരളസമൂഹത്തിന്‍റെ മുഖത്ത് കാറിത്തുപ്പുകയാണ് ചെയ്യുന്നത്. അതിനായി പ്രത്യേകം പത്രസമ്മേളനം തന്നെ നടത്തും. ഓര്‍ക്കുന്നില്ലേ സൂര്യനെല്ലിക്കേസിലെ കുട്ടിയെക്കുറിച്ച്,നടിയെക്കുറിച്ച്, കന്യാസ്ത്രീകളെ ക്കുറിച്ച്,..... പലസമയങ്ങളില്‍ നടത്തിയിട്ടുള്ള ദളിത് വിരുദ്ധ കമന്‍റുകള്‍, തോക്ക് ചൂണ്ടുക,ടോള്‍ പ്ളാസാ അടിച്ച് തകര്‍ക്കല്‍.. ഇൗ പറഞ്ഞത് ഇതിഹാസത്തിലെ ചില ഏടുകള്‍ മാത്രം.
ഈ രാഷ്ട്രീയ കവലച്ചട്ടമ്പിയെ പിടിച്ചുകെട്ടാന്‍ ഒരു നിയമവും ഇതുവരെ നിര്‍മ്മിച്ചിട്ടില്ലേ?