സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ

Pinarayi Vijayan
Pinarayi Vijayan
രേണുക വേണു| Last Modified ബുധന്‍, 21 മെയ് 2025 (12:31 IST)

12 സ്മാര്‍ട്ട് റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു.

കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തതുമാണ്. എന്നാല്‍ പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :