തൊടുപുഴ|
അഭിറാം മനോഹർ|
Last Modified ഞായര്‍, 3 ഒക്‌ടോബര്‍ 2021 (14:10 IST)
തൊടുപുഴ: ഇടുക്കി ആനച്ചാലിൽ ആറ് വയസ്സുകാരനെ തലയ്ക്കടിച്ച് കൊന്നു. റിയാസ് മൻസലിൽ ഫത്താഹാണ് മരിച്ചത്. ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരണപ്പെട്ടത്. ഫത്താഹിൻ്റെ മാതാവ് സഫിയയും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്.
കൊലപാതകത്തിന് ശേഷം പ്രതി ഷാജഹാൻ ഒളിവിൽ പോയി. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുട്ടിയുടെ മാതാവിന്റെ സഹോദരി ഭർത്താവാണ് ഇയാൾ.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വീട്ടിലെത്തിയ ഷാജഹാൻ
ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ആക്രമിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ഷാജഹാൻ്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നിൽ ഭാര്യാമാതാവും സഹോദരിയുമാണെന്ന് ചിന്തയിൽ പ്രതി ഭാര്യാവീട്ടുകാരെ കൂട്ടക്കൊല ചെയ്യാൻ ഒരുമ്പെട്ടതായാണ് സൂചന.
സഫിയയുടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ഫത്താഹിനേയും സഫിയയേയുമാണ് ആദ്യം ആക്രമിച്ചത്.
ചുറ്റിക കൊണ്ട് അടിയേറ്റ ഫത്താഹ് സംഭവസ്ഥാലത്ത് വെച്ച് തന്നെ മരിച്ചു. അക്രമം കണ്ട സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് നിലവിളിച്ചോടിയെത്തിയപ്പോൾ ആണ് സംഭവം പരിസരവാസികൾ അറിയുന്നത്. നാട്ടുകാർ ഓടിയെത്തിയതോടെ പ്രതി സംഭവസ്ഥലത്ത് നിന്നും മുങ്ങി.
ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സാരമായി പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.