പാനായിക്കുളം സിമി ക്യാമ്പ്: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ നാളെ പറയും

പാനായിക്കുളം സിമി ക്യാമ്പ് , ഭീകര സംഘടന , എൻഐഎ കോടതി
കൊച്ചി| jibin| Last Modified ബുധന്‍, 25 നവം‌ബര്‍ 2015 (12:11 IST)
പാനായിക്കുളത്ത് നിരോധിത ഭീകര സംഘടനയായ സ്റ്റുഡൻസ് ഇസ്ളാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ (സിമി)യുടെ യോഗം ചേർന്ന കേസിൽ ആദ്യ അ‌ഞ്ചു പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി കണ്ടെത്തി.
കേസിലെ ഒന്നുമുതല്‍ അഞ്ച് വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇതില്‍ രണ്ടു പേര്‍ക്കെതിരെ മാത്രമാണ് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

ആറു മുതൽ 12 വരെയുള്ള പ്രതികളേയും പതിനാലു മുതൽ 17 വരെയുള്ള പ്രതികളേയും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. ഒന്നാംപ്രതി ഈരാറ്റുപേട്ട നടയ്ക്കൽ പീടികയ്ക്കൽ വീട്ടിൽ ഷാദുലി, രണ്ടാം പ്രതി ഈരാറ്റുപേട്ട നടയ്ക്കൽ പാറക്കൽ വീട്ടിൽ അബ്ദുൽ റാസിക്, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലിൽ വീട്ടിൽ അൻസാർ നദ്‌വി, നാലാം പ്രതി പാനായിക്കുളം ജാസ്മിൻ മൻസിലിൽ നിസാമുദ്ദീൻ, അഞ്ചാം പ്രതി ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കൽ വീട്ടിൽ ഷമ്മാസ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഗൂഢാലോചന, രാജ്യദ്രോഹം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

2006ല്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ‘സ്വാതന്ത്ര്യദിനത്തിൽ മുസ്​ലിംകളുടെ പങ്ക്’ എന്ന പേരിൽ ആലുവയ്ക്കടുത്ത്
പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടത്തിയ ചർച്ചാ യോഗം നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗമായിരുന്നുവെന്നാണ് ആരോപണം. നടന്നത് സിമി ക്യാമ്പല്ല മറിച്ച് പ്രാദേശിക കൂട്ടായ്മയായ ഇസ്ലാമിക് യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിയായിരുന്നു എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.

കേസില്‍ 50 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. വിചാരണ നേരിട്ട 17 പ്രതികളിൽ 16 പേരുടെ വിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. നിയമ വിരുദ്ധമായി യോഗം ചേരുക, രാജ്യവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക, നിരോധിത സംഘനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക എന്നിവയാണ്
പ്രതികള്‍ക്കെതിരായ കുറ്റം. കേസിലെ പതിമൂന്നാം പ്രതി വിചാരണ നേരിട്ട ഈരാറ്റുപേട്ട പുഴക്കരയിൽ വീട്ടിൽ സ്വാലിഹിന് കേസിനാസ്​പദമായ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനാൽ കോട്ടയം ജുവനൈൽ കോടതി വിചാരണ നടത്തും.

വിചാരണ പൂര്‍ത്തിയായ ശേഷം കോടതി കഴിഞ്ഞ ദിവസങ്ങളിലായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. ലഘുലേഖകള്‍, പുസ്തകങ്ങള്‍, സിഡികള്‍ എന്നിവയടക്കും ഒന്‍പത് തൊണ്ടിസാധനങ്ങളും-69 രേഖകളും കുറ്റപത്രത്തോടപ്പം എന്‍ഐഎ സമര്‍പ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :