സിയാല്‍ : ലാഭം 144.58 കോടി

കൊച്ചി| Last Modified ശനി, 13 ജൂണ്‍ 2015 (14:48 IST)
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് (സിയാല്‍) പതിനേഴാം വര്‍ഷത്തിലും മികച്ച നേട്ടം. 2014-15 സാമ്പത്തിക വര്‍ഷം 413.96 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. നികുതി കിഴിച്ചുള്ള ലാഭം 144.58 കോടിയും. 21 ശതമാനമാണ് ലാഭവിഹിതം. കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.


കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെയുടെ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഹജ്ജിനുപോകുന്ന വിമാനങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നായിരിക്കും പുറപ്പെടുക. ഹജ്ജ് ക്യാമ്പ് കൊച്ചി വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ ചെലവ് സിയാല്‍ കമ്പനി വഹിക്കുവാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. 25 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. സെപ്റ്റംബര്‍ രണ്ടു മുതലാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്.

മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം വരുമാനത്തില്‍ 14.55 ശതമാനവും ലാഭത്തില്‍ 16.25 ശതമാനവും വളര്‍ച്ച സിയാല്‍ രേഖപ്പെടുത്തി. 2013-14-ല്‍ 361.39 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 124.42 കോടി ലാഭവും. 36 രാജ്യങ്ങളില്‍ നിന്നായി പതിനെണ്ണായിരത്തില്‍പ്പരം പേര്‍ക്ക് സിയാലില്‍ നിക്ഷേപമുണ്ട്. 2003-04 മുതല്‍ കമ്പനി തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 18 ശതമാനം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിരുന്നു. നിലവിലെ ബോര്‍ഡ് നിര്‍ദേശം വാര്‍ഷിക പൊതുയോഗം അംഗീകരിച്ചാല്‍ മൊത്തം 153 ശതമാനം ലാഭവിഹിതം ഓഹരിയുടമകള്‍ക്ക് തിരിച്ചുനല്‍കാന്‍ കമ്പനിക്ക് കഴിയും. നൂറുകോടി രൂപയുടെ ഓഹരിവിഹിതമുള്ള കേരള സര്‍ക്കാരിന് ഈ വര്‍ഷം ലാഭവിഹിതം ലഭിക്കുമ്പോള്‍ 153 കോടി രൂപ തിരികെക്കിട്ടും. 2000-ലും 2006 ലും 1:1 അനുപാതത്തില്‍ അവകാശ ഓഹരി കമ്പനി വിതരണം ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :