കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ജോസഫ്- ജോസ് കെ മാണി ധാരണ; ആദ്യ ഊഴം ജോസ് വിഭാഗത്തിന്; സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റ്

യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ട് മണിവരെ നടന്ന ചര്‍ച്ചയിലാണ് പിജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ ധാരണയായത്.

Last Updated: വ്യാഴം, 25 ജൂലൈ 2019 (10:32 IST)
കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാലാവധി പങ്കുവെക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ധാരണ. യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ട് മണിവരെ നടന്ന ചര്‍ച്ചയിലാണ് പിജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ ധാരണയായത്.

ആദ്യ ടേം ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതിനിധി, കാഞ്ഞിരപ്പള്ളി ഡിവിഷനില്‍ നിന്നുള്ള സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പ്രസിഡന്റ് ആകാനും തുടര്‍ന്ന് ജോസഫ് വിഭാഗത്തിന്റെ പ്രതിനിധി അജിത് മുതിരമല പദവി വഹിക്കണമെന്നുമാണ് യുഡിഎഫ് നിര്‍ദേശിച്ചിട്ടുള്ളത്. ഒരു വര്‍ഷവും മൂന്നു മാസവുമാണ് പ്രസിഡന്റ് പദത്തിലെ കാലാവധി.

കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ വിട്ട് നിന്ന സാഹചര്യത്തില്‍ ക്വാറം തികയാത്തതിനെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വരണാധികാരി മാറ്റിവെച്ചിരുന്നു. ക്വാറം തികഞ്ഞില്ലെങ്കിലും ഇന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ ജില്ല കലക്ടര്‍ തീരുമാനിച്ചിരുന്നു.

യുഡിഎഫ് ധാരണ അനുസരിച്ച് നിലവിലെ പ്രസിഡന്റ് സണ്ണി പാമ്പാടി രാജി വച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജൂലൈ ഒന്ന് മുതല്‍ കേരള കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു മുന്നണിയിലെ മുന്‍ ധാരണ. എന്നാൽ, കേരള കോണ്‍ഗ്രസ്എം പിളര്‍ന്നതോടെ ആശയക്കുഴപ്പമായി. ജോസഫ് ജോസ് കെ മാണി വിഭാഗങ്ങള്‍ പ്രസിഡന്റ് പദവിയില്‍ അവകാശവാദം ഉന്നയിച്ചു.

ഇതോടെ ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയില്ലെങ്കില്‍ പ്രസിഡന്റ് പദം കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം കേരള കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. ഇതിനു ശേഷമാണ് ഇരുവിഭാഗവും സമവായത്തില്‍ എത്തിയത്. 22 പ്രതിനിധികളുള്ള ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. ഇവര്‍ ആറ് പേരും ജോസ് കെ മാണി പക്ഷത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :