aparna shaji|
Last Modified വ്യാഴം, 12 ജനുവരി 2017 (13:30 IST)
ജിഷ്ണു പ്രണോയ്‌യുടെ മരണത്തിൽ പ്രതിഷേധിച്ച് കോളെജിനെതിരെ ശബ്ദമുയർത്തിയ വിദ്യാർത്ഥികൾക്കെതിരെ തൃശൂര്‍ പാമ്പാടി നെഹ്‌റു സ്വാശ്രയ കോളേജ് അധികൃതരുടെ പ്രതികാര നടപടികള്‍ തുടരുന്നു. കോളേജിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത വിദ്യാർത്ഥികളോട് ഹോസ്റ്റലിൽ നിന്നും പോകാൻ അധികൃതർ പറഞ്ഞിരിക്കുകയാണ്. ഹോസ്റ്റലില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസവും വിദ്യാര്‍ത്ഥിനികളോട് ഹോസ്റ്റലില്‍ നിന്നും ഒഴിയണമെന്ന് വാര്‍ഡന്‍ ആവശ്യപ്പെട്ടിരുന്നു. ഹോസ്റ്റലില്‍ നിന്നും ഒഴിഞ്ഞില്ലെങ്കില്‍ തടവിലാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അനിശ്ചിതകാലത്തേക്ക് എന്‍ജിനീയറിങ് കോളെജുകള്‍ അടച്ചിട്ടുളള സമരത്തില്‍ നിന്നും പിന്മാറുന്നതായി സ്വാശ്രയ മാനെജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ഇന്നലെ വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം.
അതേസമയം കോളെജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്ത് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത്. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്നുളള പ്രതിഷേധങ്ങള്‍ ഇന്നും തുടരുകയാണ്.