ശ്രീനു എസ്|
Last Modified ചൊവ്വ, 11 മെയ് 2021 (19:41 IST)
കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് പ്രതിരോധത്തില്‍ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സെന്‍ട്രല്‍ അലോക്കേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റെംഡെസിവിര്‍ ലഭ്യമാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ആവശ്യമായ ഓക്‌സിജന്‍ ഉറപ്പുവരുത്താന്‍ കേരളം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
ആക്റ്റീവ് കേസുകള്‍ മെയ് 15 ഓടെ 6 ലക്ഷമായി ഉയര്‍ന്നേക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോള്‍ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ നമുക്ക് ആവശ്യമായി വരും.
അതുകൊണ്ട് കേരളത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 219 മെട്രിക് ടണ്‍ ഓക്‌സിജനും കേരളത്തിന് അനുവദിക്കണം എന്നും അതിലുമധികമായി വേണ്ടി വരുന്നത് സ്റ്റീല്‍ പ്ലാന്റുകളില്‍ നിന്ന് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു.