ദേവനന്ദ എവിടെ? കേരളം കണ്ണീരോടെ ചോദിക്കുന്നു

സുബിന്‍ ജോഷി| Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (17:46 IST)
കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറ് വയസുകാരി ദേവനന്ദയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിയുമ്പോഴും വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. കുട്ടി എങ്ങനെ അപ്രത്യക്ഷമായി എന്നതിനെക്കുറിച്ച് നാട്ടുകാര്‍ക്കോ പൊലീസിനോ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. ആരെങ്കിലും കടത്തിക്കൊണ്ടുപോയതാണോ, കുഞ്ഞിന് എന്തെങ്കിലും അപകടം സംഭവിച്ചതാണോ എന്നുള്‍ല സാധ്യതകളെല്ലാം പരിശോധിക്കുന്നുണ്ട്.

നെടുമണ്‍കാവ് ഇളവൂരില്‍ ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. തളത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപിന്‍റെ മകള്‍ (പൊന്നു)വിനെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാണാതായത്.
സംഭവം നടക്കുമ്പോൾ അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

അമ്മ ധന്യ തുണികഴുകാന്‍ പോകുമ്പോള്‍ ദേവനന്ദ വീട്ടുമുറ്റത്തുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയപ്പോള്‍ ‘മോള്‍ അകത്തുപോയിരിക്ക്, അമ്മ തുണി കഴുകിയിട്ടുവരാം’ എന്നുപറഞ്ഞ് ധന്യ തുണികഴുകാന്‍ പോയി. ദേവനന്ദ വീട്ടിനുള്ളിലേക്ക് കയറിയതിന് ശേഷമാണ് ധന്യ തുണി കഴുകാന്‍ പോയത്. എന്നാല്‍ തിരികെ വന്നപ്പോള്‍ കുട്ടിയെ കണ്ടില്ല.

റോഡിലേക്കിറങ്ങി കളിക്കുന്ന സ്വഭാവം ദേവനന്ദയ്ക്കില്ല. വീടിന്‍റെ സമീപത്തേക്ക് വാഹനങ്ങള്‍ ഒന്നും വരുന്ന ശബ്‌ദവും കേട്ടില്ല. വീടിന്റെ നൂറ് മീറ്റർ അകലത്തിൽ പുഴയുള്ളതിനാൽ കുട്ടി പുഴയിൽ വീണതാകാമെന്ന നിഗമനത്തിൽ പൊലീസും നാട്ടുകാരും ഇവിടം മുഴുവൻ തിരച്ചിൽ നടത്തി. എന്നാൽ, സംശയാസ്പദമായി യാതോന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്ന സംശയവും പൊലീസിനുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ് പൊലീസ്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറിയിട്ടുണ്ട്.

ദേവനന്ദയെ കണ്ടെത്താനുള്ള ശ്രമം സോഷ്യല്‍ മീഡിയയിലും ഊര്‍ജ്ജിതമാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ ദേവനന്ദയെ ഉടന്‍ കണ്ടെത്തണമെന്ന ആവശ്യമുയര്‍ത്തി മുമ്പോട്ടുവന്നിട്ടുണ്ട്. നടന്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെയുള്ളവര്‍ സജീവമായി രംഗത്തുണ്ട്. അതേസമയം, കുഞ്ഞിനെ കണ്ടെത്തിയതായി ഉള്‍പ്പടെയുള്ള വ്യാജ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ആരും പ്രചരിപ്പിക്കരുതെന്ന് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :