റിമ കല്ലിങ്കലും മീൻ വറുത്തതും: ശാരദക്കുട്ടിയുടെ പ്രതികരണം

അഛനോ അമ്മയോ ഭർത്താവോ മകനോ സമൂഹമോ ചെറിയ മീൻ കഷണമോ എന്തുമാകാം...

aparna| Last Modified വെള്ളി, 19 ജനുവരി 2018 (12:21 IST)
മലയാള സിനിമയിലെ ആൺമേൽക്കോയ്മയും ലിംഗവിവേചനവും തുറന്ന് പറഞ്ഞ നടി റിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. തന്റെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ വ്യക്തമാക്കിയ റിമയ്ക്കെതിരെ ട്രോള്‍ ആക്രമണവും സൈബർ ആക്രമണവും ഉണ്ടായി. വിഷയത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രസവിച്ചു വീണ ഉടനെ മകളെ ഉപേക്ഷിച്ചവരാണ് മേനകയും വിശ്വാമിത്രനും.ശാകുന്തളത്തിൽ വ്യാസനും കാളിദാസനും ഉപേക്ഷിച്ചു പോയ ഒരു സന്ദർഭം വള്ളത്തോൾ സങ്കല്പിച്ചെടുക്കുന്നുണ്ട്. ഭർത്താവുപേക്ഷിച്ച നിലയിൽ, മകളെ കാലങ്ങൾക്കു ശേഷം വിശ്വാമിത്രൻ കാണുന്നു. പ്രിയപുത്രിയെ വേദനിപ്പിച്ച ദുഷ്ടനായ ഭർത്താവിനെ ശപിക്കാനായി അഹങ്കാരത്തിൽ വിശ്വാമിത്രൻ കയ്യുയർത്തുമ്പോൾ മകൾ ആ ഉയർത്തിയ കൈയ്യിനെ തടഞ്ഞിട്ടു പറയുന്നു,

"അച്ഛനമ്മമാർ കാലേ
വെടിഞ്ഞ നിർഭാഗ്യയെ
സ്വഛന്ദ മുപേക്ഷിച്ചാൻ
ഭർത്താവുമെന്നേ വേണ്ടൂ"

അഛനും മകളും എന്ന ഖണ്ഡകാവ്യത്തിൽ. ശകുന്തളക്കു മുന്നിൽ ഒരിക്കൽ കൂടി വിശ്വാമിത്രനെ കൊണ്ടു നിർത്തിയതിന്റെ പേരിൽ എനിക്കെന്നും നന്ദി തോന്നിയിട്ടുണ്ട് വള്ളത്തോളിനോട്. മകളുടെ ആജ്ഞാശക്തിക്കു മുന്നിൽ, അവളുടെ കൊള്ളിവാക്കിനു മുന്നിൽ പൗരുഷവും തപശ്ശക്തിവീര്യവും തകർന്നു തല കുനിച്ചു നിൽക്കുന്നു വിശ്വാമിത്രൻ.

പിറന്നു വീണ നിമിഷം മുതലുള്ള ഏതു ചെറിയ സന്ദർഭവും ഏതപമാനവും എപ്പോഴാണ് ഒരുവളിൽ പ്രതിപ്രവർത്തിച്ചു തുടങ്ങുക എന്നു പറയാനാവില്ല.. ആരാകും കാരണക്കാരെന്നും പറയാനാവില്ല. അഛനോ അമ്മയോ ഭർത്താവോ മകനോ സമൂഹമോ ചെറിയ മീൻ കഷണമോ എന്തുമാകാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :