aparna shaji|
Last Modified ബുധന്‍, 22 മാര്‍ച്ച് 2017 (13:49 IST)
താൻ കംമ്പോസ് ചെയ്ത ഗാനങ്ങൾ പാടരുത് എന്ന് വ്യക്തമാക്കി ഇളയരാജ ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യനും വക്കീൽ നോട്ടീസ് അയച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ മലയാളത്തിന്റെ പ്രിയനടന്‍ സലീം കുമാറും ഇളയരാജയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സലിം കുമാറിന്റെ വരികളിലൂടെ:
”അന്നക്കിളി ഉന്നേ തേടുതേ…”
ഇളയരാജാ സര്‍, പഞ്ചുഅരുണാചലം നിര്‍മിച്ച് അങ്ങ് ആദ്യമായി സംഗീതം നല്‍കിയ ‘അന്നക്കിളി’ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ തുടക്കമാണിത്. ഈ ഗാനം മദിരാശിയിലെ റിക്കോര്‍ഡിങ് സ്റ്റുഡിയോയുടെ ശീതീകരിച്ച മുറിയിലിരുന്ന് അനുഗൃഹീത ഗായകനായ ടി.എം. സൗന്ദര്‍രാജന്റെ മനോഹരമായ ശബ്ദത്തിലൂടെ കേട്ടപ്പോള്‍ സിനിമാസംഗീതത്തിലെ കന്നിക്കാരനായ അങ്ങ് ഒരു നിമിഷമെങ്കിലും പ്രാര്‍ഥിച്ചു കാണും, തമിഴ്മക്കളുടെ ചുണ്ടുകള്‍ ഇതേറ്റു പാടണേയെന്ന്. അവര്‍ അതു മാത്രമല്ല അങ്ങയുടെ ഒട്ടുമിക്ക ഗാനങ്ങളും ഏറ്റുപാടി; ഒന്നല്ല പലവട്ടം. അങ്ങനെ തേനിയിലെ പണ്ണൈപ്പുരത്തെ രാസയ്യ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ ചക്രവര്‍ത്തി ആയി. രാസയ്യ എന്ന പേര് ഭാവിയിലെ ഇസൈജ്ഞാനിക്ക് ചേരാത്തതുകൊണ്ടാവും അങ്ങയുടെ ഗുരുനാഥന്‍ ധര്‍മരാജന്‍ മാസ്റ്റര്‍ രാജാ എന്ന പേരു നല്‍കിയത്. അങ്ങയുടെ ആദ്യചിത്രത്തിന്റെ നിര്‍മാതാവായ പഞ്ചുഅരുണാചലം രാജയ്ക്കു മുന്‍പില്‍ ‘ഇളയ’ എന്ന പേരു കൂട്ടിച്ചേര്‍ത്ത്
ഇളയരാജ എന്നാക്കി മാറ്റി.
അങ്ങയുടെ ഈ പേരിനുപോലും ഒരുപാട് അവകാശികള്‍ ഉണ്ട്. പണ്ണെപ്പുരത്തുകാരും ധര്‍മരാജന്‍ മാസ്റ്ററും പഞ്ചുഅരുണാചലവും വക്കീല്‍ നോട്ടീസുമായി വന്ന് ഇളയരാജ എന്ന പേര് ഉപയോഗിക്കരുത് എന്നു പറഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും സര്‍? ഒരുപക്ഷേ എസ്.പി. ബാലസുബ്രഹ്മണ്യവും ചിത്രയും എസ്. ജാനകിയുമാകാം അങ്ങയുടെ പാട്ടുകള്‍ ഭൂരിഭാഗവും പാടിയിരിക്കുക. അവര്‍ക്കും ആ പാട്ടുകളുടെ വിജയത്തില്‍ ഒരു പങ്കില്ലേ ? തീര്‍ച്ചയായും ഉണ്ട്; അതുകൊണ്ടാകാം ഓസ്‌കര്‍ അവാര്‍ഡിനു സംഗീതസംവിധായകരെ പരിഗണിക്കുമ്പോള്‍ സായിപ്പ് ഗാനരചയിതാവിനെയും ഗായകനെയും ഈ അവാര്‍ഡിന്റെ കൂടെ പരിഗണിക്കുന്നത്.
പണ്ട് ഇന്ത്യ ഭരിച്ചിരുന്ന ക്രൂരനായ ഒരു മുഗള്‍ ചക്രവര്‍ത്തിയുണ്ടായിരുന്നു. ഔറംഗസീബ്. ഒരു നാള്‍ അദ്ദേഹം ഒരു കല്‍പന പുറപ്പെടുവിച്ചു: തന്റെ രാജ്യത്ത് ഇനി ഒരുത്തനും പാട്ടു പാടരുതെന്ന്. ഇപ്പോള്‍ അങ്ങും ഒരു കല്‍പന പുറപ്പെടുവിച്ചിരിക്കുന്നു: ”എന്റെ ഗാനങ്ങള്‍ ആരും പാടരുത്” എന്ന്. രണ്ടു പേരും തമ്മില്‍ എന്താണു വ്യത്യാസം ?
എന്തൊക്കെ പറഞ്ഞാലും നിയമം അങ്ങയ്‌ക്കൊപ്പമാണ്. അങ്ങ് ട്യൂണ്‍ ചെയ്ത ഗാനങ്ങളുടെ പകര്‍പ്പവകാശം അങ്ങയുടെ കയ്യിലാണ്. പക്ഷേ അവിടെയൊരു ധാര്‍മികതയുടെ പ്രശ്നമില്ലേ സര്‍? ഏതോ പാവം പ്രൊഡ്യൂസറുടെ ചെലവില്‍, ഏതോ ഒരു ഹോട്ടല്‍ മുറിയിലിരുന്ന്, അലക്‌സാണ്ടര്‍ ടിബെയിന്‍ എന്ന പാരിസുകാരന്‍ സായിപ്പ് നിര്‍മിച്ച ഹാര്‍മോണിയം വച്ച്, ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും പോലുള്ളവര്‍ സൃഷ്ടിച്ച രാഗങ്ങള്‍ കടമെടുത്ത്, കണ്ണദാസനെപ്പോലെ, പുലിമൈപിത്തനെ പോലെ, വൈരമുത്തുവിനെ പോലെ, ഞങ്ങളുടെ ഒ.എന്‍.വി സാറിനെ പോലെ ഉള്ളവരുടെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചു ഗാനങ്ങള്‍ സൃഷ്ടിച്ച് അതിന്റെ പകര്‍പ്പവകാശം കോര്‍പറേറ്റ് കമ്പനികള്‍ക്കു മറിച്ചുവില്‍ക്കുമ്പോള്‍ അതിന്റെ പങ്ക് മേല്‍പറഞ്ഞവര്‍ക്കു കൊടുക്കാറുണ്ടോ?
അങ്ങയെ ചെറുതാക്കാന്‍ വേണ്ടി എഴുതിയതല്ല സര്‍.അങ്ങ് സ്വയം ചെറുതായിപ്പോകുന്നതു കണ്ട് എഴുതിപ്പോയതാണ്. എന്തൊക്കെ പറഞ്ഞാലും, അങ്ങയുടെ മഹത്വത്തെ വാഴ്ത്താതെ ഒരാള്‍ക്കും തെന്നിന്ത്യന്‍ സംഗീതത്തിലൂടെ നടന്നു പോകാന്‍ കഴിയുകയില്ല. ഇളയരാജ എന്നത് ഒരു ചരിത്രമാണ്. ഒരു ദലിതന്‍ സംഗീതത്തിലൂടെ രാജാവായ ചരിത്രം. വിപ്ലവാത്മകമായ ആ ചരിത്രം കാലമുള്ളിടത്തോളം കാലം വരെ അങ്ങയുടെ ഗാനങ്ങളിലൂടെ അലയടിക്കണം. അതിനായി എസ്പിബിയെയും ചിത്രയെയും ജാനകിയെയും നമുക്കതേല്‍പിക്കാം. അവരത് അടുത്ത തലമുറയിലേക്കു കൈമാറിക്കൊള്ളും. അതിലൂടെ ചിരഞ്ജീവിയായ ഇസൈജ്ഞാനിയായി അങ്ങ് വിളങ്ങിടും.