ആർത്തവം പ്രകൃതി നിയമം, അയ്യപ്പൻ സ്ത്രീ വിരോധിയല്ല; ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് കെ സുരേന്ദ്രൻ

ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടില്‍ കെ സുരേന്ദ്രൻ

sabarimala issues , k surendran , facebook , BJP , sabarimala കെ സുരേന്ദ്രൻ , ബിജെപി , ശബരിമല , ഫേസ്‌ബുക്ക് പോസ്‌റ്റ് , ആര്‍ത്തവം , സ്‌ത്രീ , അയ്യപ്പന്‍
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (20:53 IST)
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്ത്. വിഷയത്തില്‍ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ട. അയ്യപ്പൻ സ്ത്രീ വിരോധിയല്ലെന്നും ആർത്തവം ഒരു പ്രകൃതി നിയമമാണെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തള്ളിയാണ് സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പുതിയ സാഹചര്യം സംജാതമാകുമെന്ന് വ്യക്തമായി.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്.

പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.

തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്. പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്.

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്.

സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്രെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :