യുഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; ജനവിധി അംഗീകരിക്കുന്നെന്ന് പിണറായി

അരുവിക്കര| JOYS JOY| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (10:42 IST)
അരുവിക്കരയില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. പണത്തിന്റെ വിജയമാണ് അരുവിക്കരയില്‍ ഉണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ സാധാരണ നിലയില്‍ കവിഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മണ്ഡലത്തില്‍ ചെലവിടാന്‍ പോകുന്ന പണത്തിന്റെ ബലത്തില്‍ ആയിരുന്നു അത്. തെരഞ്ഞെടുപ്പ് ചട്ടമൊന്നും പാലിക്കാതെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കി.

തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രി നേതൃത്വം കൊടുത്തു. ആര്‍ക്കും എന്തും ചെയ്യാമെന്നുള്ള
അവസ്ഥ മണ്ഡലത്തില്‍ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട ഒട്ടേറെ വാര്‍ത്തകള്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ അടക്കം നടന്ന കാര്യങ്ങള്‍
പ്രചാരണസമയത്ത് പുറത്തു വന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ആസൂത്രിതമായ രീതിയില്‍ പണമിറക്കുകയും അത് മണ്ഡലത്തില്‍ പ്രകടമാകുകയും ചെയ്തിരുന്നു. പണമിറക്കിയാലും ജനവികാരത്തെ അട്ടിമറിക്കാന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ, പ്രബലമായ സാമൂഹ്യശക്തികളില്‍ ചിലതിനെ വിലക്കെടുക്കാനും സ്വാധീനിക്കാനും കഴിഞ്ഞതിന്റെ പ്രതിഫലം ഇതില്‍ കാണാമെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ഇവിടെ വിജയിക്കാന്‍ യു ഡി എഫിന് കഴിഞ്ഞു. സ്വാഭാവികമായും ജനവിധി അംഗീകരിക്കുന്നു. ഇതില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍ ഡി എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകും. ഉപതെരഞ്ഞെടുപ്പു ഫലം അടിസ്ഥാനമാക്കി എല്‍ ഡി എഫിനെ വിധിക്കേണ്ടതില്ലെന്നും പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :