കോട്ടയം|
Sajith|
Last Modified ശനി, 13 ഫെബ്രുവരി 2016 (16:39 IST)
പകല്‍വെളിച്ചത്തില്‍ തോക്കു ചൂണ്ടി ജുവലറി കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ക്ക് 15 വര്‍ഷം കഠിനതടവും 45000 രൂപ പിഴയും വിധിച്ചു. കോട്ടയം കുന്നത്തുകളത്തില്‍ ജുവലറിയില്‍ നിന്ന് തോക്ക് ചൂണ്ടി 7.24 കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ രണ്ട് പ്രതികള്‍ക്കാണ് കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി പി രാഗിണി ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കാത്ത പക്ഷം കൂടുതലായി ഒരു വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം. പ്രതികള്‍ക്ക് അനധികൃതമായി തോക്ക് നിര്‍മ്മിച്ചു നല്‍കിയവരെ കോടതി വെറുതേ വിട്ടു. 2011 ജൂലൈ ഏഴാം തീയതി ഉച്ചയ്ക്കായിരുന്നു നഗരത്തെ ഞെട്ടിച്ച ഈ കവര്‍ച്ച നടന്നത്.
ഇടപ്പള്ളി കുരിശിങ്കല്‍ മനോജ് സേവ്യര്‍ (36), ഇയാളുടെ എസ്റ്റേറ്റിലെ ജീവനക്കാരന്‍ തമിഴ്നാട് തേനി തേവാരം ചര്‍ച്ച് തെരുവില്‍ മുരുകേശന്‍ (38) എന്നിവരാണു കേസിലെ പ്രതികള്‍. സംഭവം നടന്ന് ഏറെ താമസിയാതെ തന്നെ സ്വര്‍ണ്ണവുമായി ബസില്‍ വൈക്കത്തേക്ക് പോയ മുരുകേശനെ പൊലീസ് പിടികൂടി.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ മനോജ് സേവ്യറെയും പിടികൂടി. വള വാങ്ങാനെന്ന വ്യാജേന ജുവലറിയില്‍ കയറി ഇരുവരും ചേര്‍ന്ന് തോക്കു ചൂണ്ടി ആഭരണങ്ങള്‍ ഒരു ബിഗ് ഷോപ്പറില്‍ നിറച്ചു. സെക്യൂരിറ്റി ജീവനക്കാരനെ തറയില്‍ തള്ളിയിടുകയും ചെയ്തു. എന്നിട്ടായിരുന്നു കവര്‍ച്ച നടത്തിയ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടത്.