ബെഹ്‌റ ഡിജിപി, കൈയടി നേടിയ ജേക്കബ് തോമസ് വിജിലന്‍‌സിന്റെ തലപ്പത്ത്; ഋഷിരാജ് സിംഗിനെ അതിശക്തനായി തിരിച്ചെത്തിച്ചു - പിണറായി ലക്ഷ്യം വയ്‌ക്കുന്നത് ആരെയൊക്കെ ?

പുതിയ ചുമതലയില്‍ സിംഗ് സംതൃപ്‌തനാണെന്നാണ് റിപ്പോര്‍ട്ട്

ലോക്‍നാഥ് ബെഹ്‌റ , ജേക്കബ് തോമസ് , എക്‍സൈസ് , ഋഷിരാജ് സിംഗ്
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 7 ജൂണ്‍ 2016 (17:40 IST)
അടുത്ത സുഹൃത്തായ ലോക്‍നാഥ് ബെഹ്‌റ ഡിജിപി, സത്യസന്ധമായ പ്രവര്‍ത്തനത്തില്‍ കൈയടി നേടിയ ജേക്കബ് തോമസ് വിജിലന്‍‌സിന്റെ തലപ്പത്ത്, ആര്‍ ശ്രീലേഖ ഇന്റലിജന്‍സ് മേധാവി ഇതോടെ കൂടുതല്‍ വീര്യത്തോടെ പ്രവര്‍ത്തിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് എക്‍സൈസ് കമ്മീഷ്‌ണര്‍ ഋഷിരാജ് സിംഗ്. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനസമ്മതരായ ഉദ്യോഗസ്ഥരെ സേനയുടെ തലപ്പത്ത് എത്തിച്ചതെന്ന് വ്യക്തമാണ്.

ഏറ്റവും അവസനത്തെ അഴിച്ചു പണിയിലാണ് ഋഷിരാജ് സിംഗ് കള്ളന്‍‌മാര്‍ക്ക് കാവല്‍ ഇരിക്കുന്ന പണി നിര്‍ത്തി എക്‍സൈസിന്റെ തലപ്പത്തേക്ക് എത്തിയത്. സിംഗിന് പുതിയ ചുമതല നല്‍കിയതോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ അഴിമതിക്കെതിരെ വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. അഴിമതി തുടച്ചുമാറ്റുക എന്നതിലുപരി ബാര്‍ മുതലാളിമാരുടെ അനുഗ്രഹത്തോടെയാണ് അധികാരത്തിലേറിയതെന്ന ചീത്തപ്പേര് തുടച്ചു നീക്കുകയുമാണ് ലക്ഷ്യം. മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വ്യാപകമായ വ്യാജ സ്‌പിരിറ്റ് ഇടപാടും ലഹരി മരുന്നുകളുടെ ഉപയോഗവും ഇല്ലാതാക്കുക എന്ന ചുമതലയും സിംഗിന് സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു.

എക്‍സൈസില്‍ നടക്കുന്നത് ശുഭകരമായ സംഭവങ്ങള്‍ അല്ലെന്നും അതിനാല്‍ ഐ എ എസ് ഉദ്യോഗസ്ഥര്‍ അല്ല ഐ പി എസുകാരാണ് വകുപ്പ് നോക്കേണ്ടതെന്ന പിണറായിയുടെ ലക്ഷ്യമാണ് സിംഗിനെ വകുപ്പ് ഏല്‍പ്പിച്ച് നല്‍കുന്നതിന് കാരണമായത്. ഋഷിരാജിന്റെ നിയമനത്തിനായി
സര്‍ക്കാര്‍ പ്രത്യേകം ഉത്തരവ് ഇറക്കുകയായിരുന്നു. എക്‍സൈസിലെ അന്വേഷണ നിരീക്ഷണ സംവിധാനങ്ങള്‍ ഇതിലൂടെ കാര്യക്ഷമമാകുമെന്ന് ഉറപ്പാണ്. ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്ത് വ്യാജ മദ്യദുരന്തം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ഇടതുഭരണകാലത്ത് അങ്ങനെയൊരു ദുരന്തം നടക്കരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തന മികവിനൊപ്പം സത്യസന്ധതയുമുള്ള സിംഗിനെ എക്‍സ്‌സൈസ് ഏല്‍പ്പിക്കാന്‍ പിണറായി തീരുമാനിക്കുകയായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ജയില്‍ വകുപ്പില്‍ നിന്ന് ഋഷിരാജിനെ നീക്കി അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേഖല നല്‍കണമെന്ന് നേതൃത്വത്തില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. പുതിയ ചുമതലയില്‍ സിംഗ് സംതൃപ്‌തനാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍‌സ്‌ പോര്‍ട്ടിലും വൈദ്യതിയിലും ഇരുന്നപ്പോള്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചുവെങ്കിലും പിന്നീട് ഒതുക്കപ്പെട്ടെന്നും ഇനി അത് ഉണ്ടാകില്ലെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ലോക്‍നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവിയായതിന് പിന്നാലെ സത്യസന്ധമായ പ്രവര്‍ത്തനത്തില്‍ കൈയടി നേടിയ ജേക്കബ് തോമസ് വിജിലന്‍‌സിന്റെ തലപ്പത്ത് എത്തുകയും കൂടി ചെയ്‌തതോടെ സര്‍ക്കാരിന് പ്രശംസ ലഭിച്ചു കഴിഞ്ഞു. ഇതോടെ അഴിമതി കറകള്‍ പുരുണ്ടവര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. മൂവര്‍ക്കും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള
സ്വാതന്ത്രം സര്‍ക്കാര്‍ നല്‍കിയതോടെ യു ഡി എഫ് ഭരണകാലത്ത് തിരിമറികള്‍ നടത്തിയവര്‍ ഞെട്ടലിലാണ്. സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിധാനക്കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയേയും അടൂര്‍ പ്രകാശിനുമെതിരെ ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജേക്കബ് തോമസ് തന്റെ വരവ് അറിയിച്ചതിന് പിന്നാലെയാണ് എക്‍സൈസില്‍ സിംഗിന്റെ നിയമനവും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :