തിരുവനന്തപുരം:|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (17:41 IST)
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങളുടെ താല്പര്യസംരക്ഷകരായി പോലീസ് മാറണമെന്ന് ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള പോലീസും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോലീസ് ജനപക്ഷത്ത് നില്‍ക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതോടൊപ്പം അവര്‍ക്ക് സേവനം പ്രദാനം ചെയ്യുന്നതിനും ആശ്വാസം പകരുന്നതിനും പോലീസിന് കഴിയണം. നിയമം അനുസരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, നിയമം പാലിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക, നിയമലംഘകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നീ കര്‍ത്തവ്യങ്ങള്‍ ആധുനിക കാലഘട്ടത്തിനനുയോജ്യമായ വിധത്തില്‍ പോലീസ് നിര്‍വഹിക്കണം എന്ന് മന്ത്രി പറഞ്ഞു.
ഒരു ക്ഷേമരാഷ്ട്രത്തില്‍ ജനപക്ഷം ചേര്‍ന്നുനില്‍ക്കുക എന്നതാണ് പോലീസിന്റെ കര്‍ത്തവ്യം. നിയമങ്ങള്‍ അനുസരിക്കുന്ന ജനതയെയാണ് മഹാത്മാഗാന്ധി വിഭാവനം ചെയ്തത്. ഗാന്ധിയന്‍ പ്രവര്‍ത്തനരീതികളുമായി ജനങ്ങള്‍ മുന്നോട്ട് പോയാല്‍ പോലീസിന്റെ ജോലിഭാരം പകുതി കുറയും. കൊളോണിയല്‍ കാലത്ത് പോലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. ആധുനികവും ശാസ്ത്രീയവുമായ നിരവധി കുറ്റാന്വേഷണ രീതികള്‍ നിലവിലുള്ള കാലത്ത് മര്‍ദ്ദനമുറകള്‍ അപ്രസക്തമായിരിക്കുന്നു. ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ വ്യാപകമാക്കാന്‍ പോലീസ് തയ്യാറാകണം-മന്ത്രി പറഞ്ഞു.
പരിഷ്‌കൃത സമൂഹത്തിനനുസരിച്ചുള്ള വാഹന പരിശോധനയാണ് ആവശ്യമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാഹനപരിശോധനയുടെ പേരിലുള്ള പരാതികള്‍ ഒഴിവാക്കാന്‍ ക്യാമറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനാ സമയത്ത് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും തിരക്കുള്ള സമയങ്ങളിലെ പരിശോധനകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ വരുത്തണമെന്നും ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതുതായി അഞ്ച് വനിതാ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. പോലീസ് സേനയില്‍ വര്‍ദ്ധിച്ച സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തും. സബ് ഇന്‍സ്‌പെക്ടര്‍ തെരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.