തിരുവനന്തപുരം|
jibin|
Last Modified ശനി, 20 ജൂണ്‍ 2015 (12:57 IST)
അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനു പകരം
ഹെലികോപ്റ്റർ അനുവദിക്കുന്നതിലെ സാധ്യത പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി വിഎസ് ശിവകുമാറുമായി ചർച്ച നടത്തും. ആംബുലൻസുകൾക്കും ഗതാഗതനിയമം ബാധകമാണ്. ഡിജിപിയും ഗതാഗത കമ്മിഷണറും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആംബുലന്‍സുകള്‍ക്ക് അമിത വേഗം പാടില്ലെന്ന ഡിജിപി ടിപി സെന്‍കുമാറിന്‍റെ നിര്‍ദേശത്തിന് വിരുദ്ധമായ നിലപാടാണ് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി ആര്‍ ശ്രീലേഖ സ്വീകരിച്ചിരിക്കുന്നത്. രോഗിയുമായി പോകുന്ന ആംബുലൻസുകൾക്ക് വേഗപരിധി ബാധകമാക്കരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കണം എന്നാവശ്യപ്പെട്ട് എഡിജിപി സര്‍ക്കാരിന് കത്തയച്ചു.
ഈ സാഹചര്യത്തിലാണ് ഡിജിപിയും ഗതാഗത കമ്മിഷണറും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്ന് ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ആംബുലന്‍സിന് വേഗപരിധി നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ ശ്രീലേഖ രംഗത്ത് വന്നത്.