കോഴിക്കോട്|
aparna shaji|
Last Modified വ്യാഴം, 26 മെയ് 2016 (12:52 IST)
അച്ഛേ ദിന്നിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് 'ബുരേ ദിൻ' ആണെന്ന് രമേശ് ചെന്നിത്തല. തന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. രാജ്യത്തെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ശ്രമിക്കാതെ വിദേശങ്ങളില്‍ പറന്നുനടക്കുന്ന മോദിക്ക് രണ്ടുവര്‍ഷത്തെ ഭരണത്തിന്റെ പേരില്‍ യാതൊരു നേട്ടവും അവകാശപ്പെടാനില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
'അച്ഛേ ദിന്നിനു' പകരം മോദി സര്‍ക്കാര്‍ സമ്മാനിച്ചത് 'ബുരേ ദിന്‍'. രണ്ടുവര്‍ഷത്തെ നരേന്ദ്രമോദിയുടെ ഭരണംകൊണ്ട് രാജ്യം വിനാശത്തിലേക്കു കൂപ്പുകുത്തുകയാണു ചെയ്തത്.
പൗരാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും അസഹിഷ്ണുത ആളിക്കത്തിക്കാനും മാത്രമേ ഇക്കാലയളവില്‍ മോദി ഭരണത്തിനു കഴിഞ്ഞുള്ളു. മതന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ട കറുത്തദിനങ്ങളായിരുന്നു ഈ രണ്ടുവര്‍ഷം. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ മോദിസര്‍ക്കാരിന് അക്കാര്യത്തില്‍ യാതൊന്നും ചെയ്യാനായില്ല.
ക്രൂഡ് ഓയില്‍ വില ബാരലിന് 35 ഡോളര്‍ ആയി താഴ്ന്നിട്ടും ആനുപാതികമായി പെട്രോള്‍-ഡീസല്‍ വില സര്‍ക്കാര്‍ കുറിച്ചില്ല. അധികാരമേറ്റ ഉടനെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ ചരിത്രപുരുഷന്മാരുടെ ഓര്‍മകളെ തുടച്ചുനീക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി നടത്തിയത്. നേതാക്കളുടെ നാമം വഹിക്കുന്ന പദ്ധതികളുടെ പേരുകള്‍ മാറ്റി പകരം സംഘപരിവാര്‍ നേതാക്കളുടെ പേരു നല്‍കി. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ തലപ്പത്ത് ആര്‍ എസ് എസ് ആഭിമുഖ്യമുള്ളവരെ നിയമിച്ചു.
ന്യൂനപക്ഷവിദ്വേഷം പരത്തിയ ലൗ ജിഹാദ്, ഘര്‍ വാപസി എന്നിവയ്ക്കു പിന്നാലെ ബീഫ് വിവാദവും അഴിച്ചുവിട്ടു. ദാദ്രി സംഭവം ലോകത്തെ തന്നെ ഞെട്ടിച്ചതാണ്. തൊഴിവാളിവിരുദ്ധനിയമങ്ങള്‍ കൊണ്ടുവരികയും, കര്‍ഷകര്‍ക്കനുകൂലമായി യു.പി.ഏ. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
വിദേശ കള്ളപ്പണനിക്ഷേപം തിരിച്ചുകൊണ്ടുവരുമെന്നു പറഞ്ഞിട്ട് ഇതുവരെ യാതൊന്നും നടന്നില്ല. അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ കുത്സിതമാര്‍ഗ്ഗങ്ങളിലൂടെ പുറത്താക്കിയ മോദിസര്‍ക്കാര്‍ ഉത്താരാഖണ്ഡില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട്‌കൊണ്ട് ജനാധിപത്യസമ്പ്രദായത്തെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമം സുപ്രീംകോടതി ഇടപെട്ട് തിരുത്തിയത് മോദി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായി. രാജ്യത്തെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ശ്രമിക്കാതെ വിദേശങ്ങളില്‍ പറന്നുനടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടുവര്‍ഷത്തെ ഭരണത്തിന്റെ പേരില്‍ യാതൊരു നേട്ടവും അവകാശപ്പെടാനില്ല.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം