എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

Rijisha M.| Last Modified വെള്ളി, 17 ഓഗസ്റ്റ് 2018 (11:24 IST)
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 60 കിലോ മീറ്റർ വേഗതയിലുള്ള കാറ്റിനാണു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോർട്ടു ചെയ്തു. ഇപ്പോൾ മഴയ്‌ക്ക് നേരിയ ശമനം ഉണ്ടായത് രക്ഷാപ്രവർത്തനങ്ങൾക്ക് ആശ്വാസകരമാണ്.

എന്നാൽ അതേസമയം, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതായുള്ള റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും കാസർഗോഡ് ജില്ല ഒഴികെ മറ്റ് 13 ജില്ലകളിലും റെഡ് അലേർട്ട് തുടരും. കാസർഗോഡ് ജില്ലയിൽ ഓറഞ്ച് അലേർട്ടാണ് തുടരുന്നത്.

കേരളത്തിന്റെ ചില പ്രദേശങ്ങളില്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടെങ്കിലും എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം, ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് ഡമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 2402.30 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ പരിസര പ്രദേശങ്ങളിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചു.

എന്നാൽ ഉടൻ കൂടുതൽ ജലം ഡാമിൽ നിന്നും തുറന്നു വിട്ടേക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിൽ നിന്നും അധിക ജലം തുറന്നു വിടാതെ മറ്റു മാർഗങ്ങളില്ല.

അധിക ജലം തുറന്നു വിടുന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും വർധിക്കും. നിലവിൽ ആലുവയിലും എറണാകുളത്തും രക്ഷാ പ്രവർത്തനങ്ങൾ നടത്താനാവാത്ത വിധം പല സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡാമിലെ അധിക ജലം തുറന്നു വിടാൻ വൈകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :