കൊച്ചി|
jibin|
Last Modified വെള്ളി, 28 ജൂലൈ 2017 (19:05 IST)
ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ മലയാളി താരം പിയു ചിത്രയെ ഉൾപ്പെടുത്താൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യത്തിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും.
ചിത്രയെ ഒഴിവാക്കിയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം ഉചിതമായില്ല. മത്സര ഇനമായ 1500 മീറ്ററിൽ ചിത്ര ഉണ്ടെന്ന കാര്യം അത്ലറ്റിക് ഫെഡറേഷൻ ഉറപ്പുവരുത്തണം. ഇത് കേന്ദ്ര സർക്കാരിന്റെയും അത്ലറ്റിക് ഫെഡറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ചാമ്പ്യൻഷിപ്പിലേക്കുള്ള മത്സരാർത്ഥികളുടെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ലെന്നും, ചിത്രയെ ഒഴിവാക്കി അനർഹരെ ടീമിൽ തിരുകി കയറ്റിയെന്നും കോടതി നിരീക്ഷിച്ചു. യോഗ്യത നേടിയിട്ടും സാധ്യതാപട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരേ ചിത്ര നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
അത്ലറ്റിക് ഫെഡറേഷന് സ്വതന്ത്ര ഏജന്‍സിയായതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. അനുകൂല വിധി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു ചിത്രയുടെ പ്രതികരണം.