തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (17:41 IST)
എംഎൽഎയും നടനുമായ മുകേഷിനെതിരെ ഉയർന്ന ലൈംഗികാരോപണം നിയമപരമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇത്തരത്തിൽ എന്തെല്ലാം ആരോപണങ്ങളാണ് ഉയരാറുള്ളത്. അതിനാല്‍ അവയെല്ലാം ശരിയാകണമെന്നില്ലല്ലോ എന്നും കോടിയേരി പറഞ്ഞു. അതേസമയം, മുകേഷിനെതിരായ ആരോപണം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വിശദമായി പഠിച്ചശേഷം പരിശോധിക്കാമെന്നും കൊല്ലം ജില്ലാ നേതൃത്വം വ്യക്തമാക്കി.
മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോടിയേരി പ്രസ്‌താവന നടത്തിയത്. കൊല്ലത്ത് താരത്തിനെതിരെ പ്രതിഷേധം നടത്തിയവര്‍ കോലം കത്തിച്ചു.
19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് ടെസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.
പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റില്‍ വ്യക്തമാക്കി.
അതേസമയം, ടെസ് ജോസഫിന്റെ ലൈംഗികാരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് മുകേഷ് വ്യക്തമാക്കി. ടെസ് ആരോപിച്ചത് പോലെയുള്ള ലൈംഗിക പീഡനശ്രമം ഓര്‍മ്മയില്ല. അതിനാല്‍ ആരോപണത്തെ ഗൗരവമായി എടുക്കുന്നില്ല. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. താനൊരു എംഎല്‍എ ആയതു കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞു.