aparna|
Last Modified ചൊവ്വ, 13 ഫെബ്രുവരി 2018 (08:11 IST)
കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് ഹൗസില്‍ ഷുഹൈബ് (30) ആണ് മരിച്ചത്.
മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ എടയന്നൂര്‍ തെരൂരില്‍ ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 11.30-ഓടെ തെരൂരിലെ തട്ടുകടയില്‍ ഷുഹൈബ് കൂട്ടുകാർക്കൊപ്പം ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ബോംബേറിൽ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്പത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരു കാലുകള്‍ക്കും സാരമായി വെട്ടേറ്റ ഷുഹൈബിനെ കോഴിക്കോട്ടേക്കു കൊണ്ടുപോകുംവഴി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഒരുമണിക്കാണ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു കഴിഞ്ഞു.