സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2025 (10:34 IST)
കാസര്‍കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കാസര്‍കോട് കുണ്ടംകുഴി സ്‌കൂളിലെ പത്താം ക്ലാസുകാരന്റെ കര്‍ണപടമാണ് ഹെഡ്മാസ്റ്റര്‍ അടിച്ചു പൊട്ടിച്ചത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെയാണ് വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി ഇന്ന് തെളിവെടുക്കും. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി മധുസൂദനന്‍ ഇന്നലെ കുണ്ടംകുഴി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ അശോകന്റെയും പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെയും മൊഴി രേഖപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സ്‌കൂള്‍ അസംബ്ലിക്കിടെയാണ് പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചത്. ഇത് കണ്ടുനിന്ന സഹോദരിക്ക് തലകറക്കവും ഛര്‍ദ്ദിലും ഉണ്ടായതായി വീട്ടുകാര്‍ പറയുന്നു.