മലപ്പുറം|
Last Updated:
ചൊവ്വ, 22 നവംബര്‍ 2016 (14:16 IST)
സര്‍ക്കാര്‍ വക ജലനിധിയുടെ മലപ്പുറം മേഖലാ ഓഫീസിലെ ഫണ്ടില്‍ നിന്ന് 6 കോടി രൂപ തട്ടിയെടുത്ത കേസില്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയും താത്കാലിക അക്കൌണ്ടന്‍റുമായ പ്രവീണ്‍ കുമാറാണ് പൊലീസ് വലയിലായത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് പ്രവീണ്‍.
ജലനിധി ഫണ്ടിന്‍റെ നടത്തിപ്പിനെ കുറിച്ച് നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രം ഡയറക്ടര്‍ നവംബര്‍ മൂന്നിനായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. ചെലവ് സംബന്ധിച്ച് യഥാര്‍ത്ഥ സ്റ്റേറ്റ്മെന്‍റില്‍ ഡയറക്ടറുടെ ഒപ്പ് വാങ്ങിയ ശേഷം മറ്റൊരു സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കിയായിരുന്നു പ്രവീണ്‍ തട്ടിപ്പ് നടത്തിയത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ 500 ഓളം കുടിവെള്ള പദ്ധതികള്‍ക്കുള്ള പണമാണ് പ്രവീണ്‍ അടിച്ചുമാറ്റിയത്. ഈ തുക പെരിന്തല്‍മണ്ണയിലുള്ള പ്രവീണിന്‍റെ തുണിക്കടയിലെയും വേറൊരു സ്ഥാപനത്തിലെയും അക്കൌണ്ടുകളിലേക്കായിരുന്നു മാറ്റിയിരുന്നത്.
2011 ലായിരുന്നു വര്‍ഷം തോറും പുതുക്കി നല്‍കുന്ന രീതിയില്‍ പ്രവീണ്‍ കുമാറിനു അക്കൌണ്ടന്‍റ് ജോലി ലഭിച്ചത്. 2012 മുതല്‍ 25 തവണയായാണ് പ്രവീണ്‍ പണം തട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തുകള്‍ പദ്ധതികള്‍ക്ക് പണം ലഭിച്ചില്ലെന്ന് പരാതി നല്‍കാതിരുന്നതും പ്രവീണിന്‍റെ തട്ടിപ്പിന് ആക്കം കൂട്ടി.
കേസില്‍ പ്രവീണിനൊപ്പം ഭാര്യ ദീപയെ രണ്ടാം പ്രതിയായും നീലേശ്വരം സ്വദേശി മിഥുന്‍ കൃഷ്ണയെ മൂന്നാം പ്രതിയായും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണു പ്രവീണിനെ പിടികൂടിയത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഫ്ലാറ്റുകളും ബി എം ഡബ്ല്യു കാറും മറ്റും വാങ്ങിക്കൂട്ടുകയായിരുന്നു പ്രവീണ്‍.