തിരുവല്ലം സ്റ്റേഷനില്‍ മര്‍ദനത്തെത്തുടര്‍ന്ന് ഇറങ്ങിയോടിയ യുവാവിനെ അര്‍ധ നഗ്‌നനാക്കി പൊതുജനമധ്യത്തില്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു; തടയാനെത്തിയ ഭാര്യയെ മുട്ട് കാലിന് തൊഴിച്ചു: വീഡിയോ

തിരുവനന്തപുരം തിരുവല്ലത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

Last Updated: ബുധന്‍, 29 മെയ് 2019 (11:30 IST)
തിരുവല്ലത്ത് റോഡില്‍ പരസ്യമായി യുവാവിനെ മര്‍ദിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്തു. തിരുവല്ലം പോലീസ് സ്‌റ്റേഷനിലെ ജിഡി ചാര്‍ജുള്ള സൈമന്‍, സിപിഒ ഗോപിനാഥ് എന്നിവരെയാണ് സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

തിരുവനന്തപുരം തിരുവല്ലത്ത് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ യുവാവിനെതിരെ പോക്‌സോ പ്രകാരം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്യലിനിടെ സ്റ്റേഷനകത്തുവെച്ച് പൊലീസ് മര്‍ദ്ദിക്കുകയും ഇയാള്‍ ഇറങ്ങിയോടുകയുമായിരുന്നു.

ഓടിയ ഇയാളെ റോഡിലിട്ട് ജനമധ്യത്തില്‍ പൊലീസ് വീണ്ടും മര്‍ദ്ദിച്ചു. യുവാവിന്റെ കൈയിലും കാലിലും പൊലീസുകാര്‍ ബൂട്ടിട്ട് ചവിട്ടുന്നത് വീഡിയോയില്‍ കാണാം. തടയാനെത്തിയ ഭാര്യയെ പൊലീസ് മുട്ട് കാലിന് തൊഴിച്ച് മാറ്റുന്നതും വീഡിയോയില്‍ വ്യക്തമാണ്.

അതേസമയം, കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കെ പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥനെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തൊട്ടടുത്ത ജംഗ്ഷനില്‍ വെച്ച് കീഴടക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് രണ്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :