തൊടുപുഴ|
jibin|
Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2017 (18:57 IST)
യുഡിഎഫിന്റെ സമരവേദിയിലെത്തിയതിനു വിശദീകരണവുമായി പിജെ ജോസഫ് എംഎൽഎ. രാപകല്‍ സമരത്തില്‍ പങ്കെടുത്തതിന് രാഷ്ട്രീയമാനം നല്‍കേണ്ടതില്ല. അതൊരു സന്ദർശനം മാത്രമായിരുന്നു. രാപകൽ സമരത്തിൽ നേരിട്ടു പങ്കാളിയാകാൻ ഉദേശിച്ചിരുന്നില്ല. അടുത്ത് മറ്റൊരു ചടങ്ങിനെത്തിയപ്പോൾ കയറിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്ഷണിച്ചതിനെ തുടര്‍ന്ന് സമരത്തിന് ആശംസ അര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ചരൽകുന്ന് ക്യാമ്പിലെ തീരുമാനത്തിൽനിന്നു പിന്നോട്ടു പോയിട്ടില്ല. ക്യാമ്പിലെടുത്ത തീരുമാനത്തിൽ ഒരു മാറ്റവുമില്ല. കേരളാ കോൺഗ്രസ് (എം) ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ തന്നെയാണു രാപകൽ സമരത്തിലുമുള്ളത്. പലപ്പോഴും നിയമസഭയിലും ഒരേ നിലപാട് സ്വീകരിക്കാറുണ്ടെന്നും ജോസഫ് വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച തൊടുപുഴയിലെ സമരപ്പന്തലില്‍ ആണ് ജോസഫ് എത്തിയത്. യുഡിഎഫ് മുന്നണി വിട്ടശേഷം ഇതാദ്യമായാണ് കേരള കോണ്‍ഗ്രസിലെ ഒരു നേതാവ് മുന്നണി പരിപാടിക്കെത്തുന്നത്.
അതേസമയം, ഇക്കാര്യത്തിൽ കെഎം മാണിയും ജോസ് കെ മാണിയും പ്രതികരിക്കുന്നില്ലെന്ന് അറിയിച്ചു.