കൊച്ചി|
jibin|
Last Updated:
ബുധന്‍, 23 ഓഗസ്റ്റ് 2017 (15:48 IST)
എസ്എൻസി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസില്‍ പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്നും
സിബിഐ അദ്ദേഹത്തെ ബലിയാടാക്കാന്‍ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി ഉബൈദാണ് വിധി പ്രസ്താവിച്ചത്.
ഏഴാം പ്രതിയായിരുന്ന പിണറായി വിജയനെ കൂടാതെ ഒന്നാം പ്രതി മോഹനചന്ദ്രൻ, എട്ടാം പ്രതി ഫ്രാൻസിസ് എന്നിവരെയും കുറ്റവിമുക്തരാക്കി. അതേസമയം, രണ്ട് മുതൽ നാല് വരെ പ്രതികളായ കെഎസ്ഇബി ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്നും സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഭാഗികമായി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
പിണറായി വിജയനതിരെ തെളിവുകളില്ല. ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും 102 പേജുള്ള വിധിന്യായത്തില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിണറായിക്ക് ശേഷം വന്ന വൈദ്യുതി മന്ത്രിമാരും കാന്‍സര്‍ സെന്‍ററിന് സഹായം ലഭിക്കാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട് അപ്പോള്‍ പിണറായിയെ മാത്രം പ്രതിയായി കാണാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
കാബിനറ്റ് രേഖകളിലും പിണറായിക്ക് എതിരെ തെളിവില്ല. ഈ പദ്ധതിക്ക് വേണ്ടി മലബാര്‍ കാന്‍സര്‍ സെന്ററിന് പണം നിക്ഷേപിക്കാമെന്ന കരാറുണ്ടെന്ന സിബിഐയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു
പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയൻ കമ്പനിയായ എസ്എൻസി ലാവലിനുമായി ഉണ്ടാക്കിയ കരാർ വഴി ഖജനാവിന് 374 കോടി രൂപയുടെ നഷ്‌ടം ഉണ്ടായെന്നാണ് സിബിഐ കേസ്.