ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രിയും അറിഞ്ഞിട്ടില്ല, റവന്യു വകുപ്പും അറിഞ്ഞിട്ടില്ല - ഉത്തരവ് നിഷേധിച്ച് ഡിജിപി

മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ലെന്ന് റവന്യു മന്ത്രി

aparna| Last Modified ബുധന്‍, 10 ജനുവരി 2018 (09:57 IST)
പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന ഉത്തരവിറങ്ങിയത് അറിഞ്ഞിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദേശിച്ചതു പൊലീസല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണു പൊലീസ് ചെയ്തതെന്നും അതിനാൽ മറ്റു കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ബെഹ്റ വ്യക്തമാക്കി. ദുരന്തനിവാരണഫണ്ടിൽ നിന്നും പണമെടുക്കാൻ നിർദേശിച്ച സർക്കാർ ഉത്തരവിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിനെപറ്റി വ്യക്തതയില്ല. ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണു ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിക്കുന്നത്.
ഓഖി ദുരന്ത ബാധിതര്‍ക്കുള്ള ഫണ്ടില്‍നിന്ന് ആകാശയാത്രയ്ക്കു പണമെടുത്തെന്ന പ്രതീതിയുണ്ടായതു സര്‍ക്കാരിനു നാണക്കേടായെന്നും റവന്യൂവകുപ്പു വിലയിരുത്തുന്നു.

ഉത്തരവ് വ്യക്തമായി പരിശോധിച്ചശേഷം വീഴ്ചയെങ്കില്‍ നടപടിയെടുക്കാനാണ് സർക്കാരിന്റെ ആലോചന. ഉത്തരവിറങ്ങിയതു അറിഞ്ഞില്ലെന്നാണു മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും നിലപാട്. ഉത്തരവില്‍ വീഴ്ചയുള്ളതിനാലാണ് അറിഞ്ഞ നിമിഷം തന്നെ റദ്ദാക്കിയതെന്നും മന്ത്രി വിശദീകരിക്കുന്നു.

അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്. ഡിസംബര്‍ 26നു തൃശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍നിന്നു മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയതു സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ വാടകക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍നിന്നെടുക്കാന്‍ നിര്‍ദേശിച്ചാണു സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

(കടപ്പാട്: മനോരമ ന്യൂസ്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :