തിരുവനന്തപുരം|
jibin|
Last Updated:
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (15:32 IST)
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന ബിജെപിയുടെ പ്രചാരണത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാരിന്‍റെ പത്രപരസ്യം. വികസനത്തിലും ക്രമസമാധാനപാലനത്തിലും കേരളം മുന്‍നിരയിലാണെന്ന പരസ്യമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രധാന ദേശീയ പത്രങ്ങളുടെ ഡൽഹി എഡിഷനുകളില്‍ നല്‍കിയത്.
രാഷ്ട്രീയ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സംസ്ഥാനത്തെ ടൂറിസം, നിക്ഷേപ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ കണക്കിലെടുത്താണു പരസ്യം നൽകിയിരിക്കുന്നത്. രാഷ്‌ട്രീയ നേട്ടത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചതിന്റെ പിറ്റേ ദിവസമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ബിജെപിക്ക് ഫുള്‍ പേജ് പരസ്യത്തിലൂടെ മറുപടി നല്‍കിയത്.
ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട പത്രങ്ങളുടെ ഡല്‍ഹി എഡിഷനുകളിലാണ് പരസ്യം. കേരളം ഒന്നാം നമ്പർ സംസ്ഥാനമാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവും പ്രതികരണവും സഹിതമാണു പരസ്യം.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം, വീടില്ലാത്തവർക്ക് വീട്, ക്രമസമാധാന പാലനത്തിലെ മികവ്, മതസൗഹാർദ്ദം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരസ്യം. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്ത് കൊണ്ട് മുന്നിട്ടു നിൽക്കുന്നു എന്ന് രേഖകൾ സഹിതമാണ് പരസ്യത്തിൽ വിശദീകരിച്ചിരിക്കുന്നത്.
2017ലെ ഏഡിബി റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഏറ്റവും പുരോഗതിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയെ പിന്തള്ളി കൊച്ചി ഒന്നാമതെത്തിയെന്നും നല്‍കിയിട്ടുണ്ട്.ഒപ്പം ആത്മീയ നേതാവ് ശ്രീം എം ജസ്‌റ്റീസ് കെടി തോമസ്, നടൻ കമൽ ഹാസൻ എന്നിവർ കേരളത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്താണു പരസ്യം അവസാനിക്കുന്നത്.
അതേസമയം, നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാനാണ് പത്ര പരസ്യമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം.