''ആര്‍എസ്എസ് ദളിതരെ വേട്ടയാടുന്നു; ബിജെപിയ്‌ക്കൊപ്പം നിന്ന ദളിതര്‍ ഇപ്പോള്‍ അവര്‍ക്കെതിരെ'' പിണറായി വിജയന്‍

ആര്‍എസ്എസ് ദളിതരെ വേട്ടയാടുന്നു പിണറായി വിജയന്‍

തിരുവനന്തപുരം| priyanka| Last Modified വ്യാഴം, 21 ജൂലൈ 2016 (07:25 IST)
ആര്‍എസ്എസ് ദളിതരെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുജറാത്തില്‍ പശുവിനെ കൊന്നെന്ന് ആരോപിച്ച് ദളിതരെ മര്‍ദിച്ച സംഭവം ഇതിനുദാഹരണമാണ്. ബിജെപിക്കൊപ്പം നിന്നിരുന്ന ദളിതര്‍ ഇപ്പോള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും, സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളാണ് സാമുദായിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പശുക്കളെ കൊന്ന് തോല്‍ വില്‍ക്കുന്നുവെന്നാരോപിച്ച് തുകല്‍ തൊഴിലാളികളായ നാല് യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ വസ്ത്രമുരിഞ്ഞ് മര്‍ദ്ദിച്ചിരുന്നു. ഗോരക്ഷ സംഘടനയുടെ പേരിലായിരുന്നു യുവാക്കളെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാകുകയും ചെയ്തു. സംഭവം ഗുജറാത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കി. കഴിഞ്ഞ ദിവസം ദളിത് സംഘടനകള്‍ സംസ്ഥാനത്ത് ബന്ദ് നടത്തുകയും വിഷയം പാര്‍ലമെന്റിലും ചര്‍ച്ചയാവുകയും ചെയ്തു.

പശുവിന്റെ തുകലെടുത്തു എന്നാരോപിച്ച് ദളിത് യുവാക്കളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ച സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത ഭാഷയില്‍ അപലപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് സഭയെ അറിയിച്ചു. മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എഴുന്നേറ്റത് സഭാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി. അടുത്ത വര്‍ഷം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദളിത് മുക്ത ഭാരതത്തിനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹിന്ദുത്വ സംഘടനകളെ ബിജെപി ഇതിന് ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :