തിരുവനന്തപുരം|
JOYS JOY|
Last Modified വെള്ളി, 22 ഏപ്രില്‍ 2016 (17:23 IST)
പിണറായി വിജയനെതിരെ വി എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകളെ ഓര്‍മ്മിപ്പിച്ച് ഉമ്മന്‍ ചാണ്ടി. ഫേസ്‌ബുക്കില്‍ ‘പ്രിയപ്പെട്ട വി എസ് അച്യുതാനന്ദന്‍’ എന്ന പേരില്‍ വി എസിനെഴുതിയ കത്തിലാണ് ഉമ്മന്‍ ചാണ്ടി ചില ഓര്‍മ്മിപ്പിക്കലുകള്‍ നടത്തിയത്. ധര്‍മ്മടത്ത് പിണറായി വിജയനു വേണ്ടി പ്രചാരണത്തിന് പോയ വി എസ് ലാവ്‌ലിന്‍ കേസില്‍ തന്റെ മുന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോയോയെന്ന് വ്യക്തമാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തനാണ് എന്ന നിലപാടാണോ ഇപ്പോഴുള്ളതെന്ന് വി എസ് വ്യക്തമാക്കണമെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെടുന്നു.
പ്രിയപ്പെട്ട ശ്രീ വി എസ് അച്യുതാന്ദന്‍,
അങ്ങ് ശ്രീ പിണറായി വിജയനുവേണ്ടി പ്രചാരണം നടത്താന്‍ ഇന്നലെ ധര്‍മ്മടത്ത് പോയിരുന്നല്ലോ. ധര്‍മ്മടത്തു പോയ അവസരത്തില്‍ അങ്ങ് ചില കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ആ വിശദീകരണങ്ങള്‍ അങ്ങ് നടത്തിക്കണ്ടില്ല. അങ്ങ് ഇന്നലെ ധര്‍മ്മടത്ത് പ്രസംഗിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരേ സാധാരണ പറയാറുള്ള ചില കഴമ്പില്ലാത്തതും ജനങ്ങള്‍ തള്ളിക്കളഞ്ഞതുമായ ചില ആരോപണങ്ങള്‍ ആവര്‍ത്തിച്ചതായി കണ്ടു. എന്നാല്‍ അഴിമതിക്കെതിരേ ശക്തമായ നിലപാടെടുക്കുകയും പോരാടുകയും ചെയ്യുമെന്ന പ്രതീതി ജനിപ്പിക്കുന്ന അങ്ങ് വര്‍ഷങ്ങളോളം അഴിമതിക്കെതിരേ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചു മാത്രം പറഞ്ഞുകണ്ടില്ല.
പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ പ്രതിയാണെന്നും, അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്നും കാട്ടി അങ്ങ് അനേകം കത്തുകള്‍ പോളിറ്റ്ബ്യൂറോയ്ക്ക് അയച്ചിരുന്നല്ലോ. ആ കത്തുകളൊന്നും അങ്ങ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. നിലപാടുകള്‍ മാറ്റിയിട്ടുമില്ല. പിണറായി വിജയനെ സി.ബി.ഐ കോടതി ലാവലിന്‍ കേസില്‍ നിന്നു താല്‍ക്കാലികമായി കുറ്റവിമുക്തനാക്കിയപ്പോള്‍, അദ്ദേഹം കുറ്റവിമുക്തനായി എന്ന് പരസ്യമായി പറയാന്‍ അങ്ങ് കൂട്ടാക്കിയിരുന്നില്ല. വിധി പഠിച്ചിട്ട് പറയാം എന്നാണ് അങ്ങ് അന്നു പറഞ്ഞത്. ലാവലിന്‍ കേസുതന്നെ ഇല്ലാതായി എന്നാണ് സി.പി.എം പറയുന്നത്. ഇന്നലെ ധര്‍മ്മടത്ത് പിണറായിക്കുവേണ്ടി പ്രചാരണത്തിനു പോയപ്പോള്‍ പിണറായി ലാവലിന്‍ കേസില്‍നിന്നു കുറ്റവിമുക്തനായി എന്ന് അങ്ങ് പറഞ്ഞില്ല. ഇന്നലെ ധര്‍മ്മടത്ത് പ്രസംഗിച്ചപ്പോള്‍ കേരള മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരെയെല്ലാം ആരോപണങ്ങള്‍ മാത്രമായി നില്‍ക്കുന്ന വിഷയങ്ങള്‍ അങ്ങ് എണ്ണിയെണ്ണി പറഞ്ഞല്ലോ. അങ്ങനെ എണ്ണിയെണ്ണി പറഞ്ഞ അങ്ങ്, കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്നു ചൂണ്ടിക്കാട്ടി പലതവണ സി.പി.എം പോളിറ്റ്ബ്യൂറോയ്ക്ക് കത്തച്ച ലാവലിന്‍ വിഷയം എന്തുകൊണ്ടു പറഞ്ഞില്ല. ഇതില്‍നിന്നും വ്യക്തമാകുന്നത് പിണറായി ലാവലിന്‍ കേസില്‍നിന്നു കുറ്റവിമുക്തനായെന്ന നിലപാടിലേക്ക് അങ്ങും എത്തിയെന്നാണോ. എങ്കില്‍ അതെങ്കിലും ജനങ്ങളോട് പറയേണ്ടതല്ലേ.
അതുപോലെതന്നെ അങ്ങയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി അങ്ങ് സ്വയം വിശേഷിപ്പിക്കുന്ന, ബാലകൃഷ്ണപിള്ളക്കെതിരേ നടത്തിയ പോരാട്ടം തീര്‍ത്തും വിസ്മരിച്ചുകൊണ്ട് അങ്ങ് ബാലകൃഷ്ണപിള്ളയുമായി വേദി പങ്കിടുന്നത് ജനങ്ങള്‍ വീക്ഷിക്കുന്നുണ്ട് എന്ന് അങ്ങയെ അറിയിക്കട്ടെ.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ അന്ന് അങ്ങ്, അങ്ങയുടെ പഴയ സഹപ്രവര്‍ത്തനായിരുന്ന, സി.പി.എം ക്രിമിനലുകളാല്‍ ദാരുണമായി കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നല്ലോ. ടി.പിയുടെ വിധവയായ കെ.കെ.രമയെ അന്ന്് അങ്ങ് ആശ്വസിപ്പിക്കവേ രമ പൊട്ടിക്കരയുന്ന ചിത്രം ജനമനസുകളില്‍നിന്നും ഇപ്പോഴും മാഞ്ഞിട്ടില്ല. വിങ്ങുന്ന മനസുമായി രമയും ടി.പി.ചന്ദ്രശേഖരന്റെ മകനും ഇപ്പോഴും ജീവിക്കുകയാണ്. ധര്‍മ്മടത്തേക്ക് പോകുംവഴി രമയുടെ വീട്ടില്‍കയറി അവരെയും മകനേയും എന്തുകൊണ്ട് കാണാന്‍ കൂട്ടാക്കിയില്ല. അങ്ങനെ ചെയ്യാതെ, ടി.പി ചന്ദ്രശേഖരന്റെ വധത്തിന് ഉത്തരവാദി എന്ന് അങ്ങുതന്നെ പരസ്യമായി പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്ന പിണറായി വിജയനുവേണ്ടി ധര്‍മ്മടത്ത് പ്രചാരണത്തിന് അങ്ങ് പോയപ്പോള്‍ അത് ദാരുണമായി കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനോട് കാട്ടിയ അനാദരവായില്ലേ.
ശ്രീ പിണറായി വിജയനെ കേരള ഗോര്‍ബച്ചേവെന്നും, പാര്‍ട്ടിയെ തകര്‍ക്കുന്നയാള്‍ എന്നും ഡാങ്കേ എന്നുമെല്ലാം വിളിച്ചത് തെറ്റായിപ്പോയി എന്ന് അങ്ങ് ധര്‍മ്മടത്ത് ജനങ്ങളോട് പറയുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അക്കാര്യത്തില്‍ അങ്ങ് മൗനം പാലിക്കുകയായിരുന്നു. എന്തുകൊണ്ടായിരുന്നു ഇക്കാര്യത്തില്‍ മനപ്പൂര്‍വമായി മൗനം പാലിച്ചത്. അങ്ങ് ഈ വിഷയങ്ങള്‍ ഉയര്‍ത്താതിരുന്നത് തെരഞ്ഞെടുപ്പിനു ശേ്ഷം വീണ്ടും ഉന്നയിക്കാമെന്ന് ഉദ്ദേശിച്ചാണോ.
അങ്ങ് പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ളയാളാണ് എന്നും, എപ്പോഴൊക്കെ യു.ഡി.എഫ് പ്രതിസന്ധിയിലാകുമോ അപ്പോഴൊക്കെ അങ്ങ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളുമായി രംഗത്തുവരും എന്ന് സി.പി.എം പ്രമേയം പാസാക്കിയിരുന്നു. ആ പ്രമേയങ്ങളെല്ലാം അതേപടി നിലനില്‍ക്കുന്നു എന്ന് പിണറായി വിജയന്‍ ആവര്‍ത്തിച്ചല്ലോ. പിണറായി വിജയന്റെ ഈ പ്രസ്താവനയും പാര്‍ട്ടി പ്രമേയവും നിലനില്‍ക്കേ അങ്ങേക്ക് എങ്ങനെ പിണറായി വിജയനുവേണ്ടി പ്രചാരണത്തിനു പോകാന്‍ കഴിഞ്ഞു. എല്ലാ കാര്യങ്ങളോടും അപ്പപ്പോള്‍ പ്രതികരിക്കുന്ന, പ്രതികരണശേഷി ഏറെയുള്ള അങ്ങയുടെ പ്രതികരണശേഷി ഇപ്പോള്‍ നഷ്ടപ്പെട്ടോ?. അതോ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജയിച്ചുകയറാന്‍ നടത്തുന്ന ഒരു താല്‍ക്കാലിക അഭ്യാസമായിരുന്നോ അങ്ങയുടെ ഇന്നലത്തെ പ്രചാരണം?. അങ്ങനെയെങ്കില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അതിനെ തികഞ്ഞ ഇരട്ടത്താപ്പായി മാത്രമേ കാണുകയുള്ളൂ”.